'ഇന്ത്യൻ ടീം സുരക്ഷിത കരങ്ങളിൽ, പ്രിയ സുഹൃത്ത്, വില്യംസൺ പരാജയപ്പെട്ടതിൽ സങ്കടമുണ്ട്': വിരാട് കോഹ്‍ലി

'ഓസ്ട്രേലിയയിൽ പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ തിരിച്ചുവരവായിരുന്നു ലക്ഷ്യം'

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ പ്രതികരണവുമായി സൂപ്പർതാരം വിരാട് കോഹ്‍ലി. ചാംപ്യൻസ് ട്രഫി നേടിയതിൽ ഏറെ സന്തോഷമുണ്ട്. ഓസ്ട്രേലിയയിൽ പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ തിരിച്ചുവരവായിരുന്നു ലക്ഷ്യം. മികച്ച യുവതാരങ്ങൾക്കൊപ്പം കളിക്കുന്നതിൽ സന്തോഷമുണ്ട്. അവർ ഇന്ത്യയെ ശരിയായ ദിശയിൽ നയിക്കുന്നു. ഓരോ മത്സരത്തിലും ഓരോ താരങ്ങളും കൃത്യമായ പങ്കുവഹിച്ചു. ഓരോ താരങ്ങളും നൽകിയ സംഭാവനകൾ നിർണായകമായിരുന്നു. അവർക്ക് അനുഭവ സമ്പത്ത് പകർന്നുനൽകാനായിരുന്നു തന്റെ ശ്രമം. ​​ഗിൽ, ശ്രേയസ്, ഹാർദിക് എല്ലാവരും നന്നായി കളിച്ചു. ഇന്ത്യൻ ടീം സുരക്ഷിത കരങ്ങളിലാണെന്നും മത്സരശേഷം വിരാട് കോഹ‍്ലി പറഞ്ഞു.

ന്യൂസിലാൻഡിന് ശക്തമായ പോരാട്ടം നടത്താൻ കഴിയുമെന്ന് അറിയാമായിരുന്നു. അവർ ഒരു പദ്ധതിയുമായാണ് എപ്പോഴും വരുന്നത്. ബൗളർ എവിടെ പന്തെറിയുമെന്ന് ഓരോ ഫീൽഡർക്കും അറിയാം. ന്യൂസിലാൻഡിന് അവരുടെ കഴിവിൽ വലിയ വിശ്വാസമുണ്ട്. ലോക ക്രിക്കറ്റിലെ മികച്ച ഫീൽഡിങ് നിരയാണ് ന്യൂസിലാൻഡ്. കിവീസ് ടീമിന് അഭിനന്ദനങ്ങൾ. പ്രിയ സുഹൃത്ത്, കെയ്ൻ വില്യംസൺ പരാജയപ്പെട്ട ടീമിന്റെ ഭാ​ഗമാണെന്നത് വിഷമിപ്പിക്കുന്നു. തന്റെയും വില്യംസണിന്റെയും ഇടയിൽ സ്നേഹം മാത്രമാണുള്ളത്. കോഹ്‍ലി വ്യക്തമാക്കി.

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ന്യൂസിലാൻഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 49 ഓവറിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

Content Highlights: Virat Kohli assures team India is in safe hands

dot image
To advertise here,contact us
dot image