
ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ ടീമിനെയും നായകൻ രോഹിത് ശർമയെയും അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. രോഹിത് ശർമ തടിയനാണെന്നും മോശം ക്യാപ്റ്റനാണെന്നും ഷമ നേരത്തെ എക്സിൽ പ്രതികരിച്ചത് വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോൾ ചാംപ്യൻസ് ട്രോഫി കിരീടനേട്ടത്തിലേക്ക് ഇന്ത്യൻ ടീമിനെ മുന്നിൽ നിന്ന് നയിച്ച രോഹിത്തിന് അഭിനന്ദനങ്ങൾ അറിയിച്ചാണ് ഷമ പോസ്റ്റ് ചെയ്തത്.
'ചാംപ്യൻസ് ട്രോഫി സ്വന്തമാക്കിയ അത്ഭുതാവഹമായ പ്രകടനത്തിന് ഇന്ത്യൻ ടീമിനെ അഭിനന്ദിക്കുന്നു. 76 റൺസെടുത്ത് മുന്നിൽ നിന്ന് നയിക്കുകയും വിജയത്തിന് അടിത്തറയിടുകയും ചെയ്ത ക്യാപ്റ്റൻ രോഹിത് ശർമയെയും അഭിനന്ദിക്കുന്നു. ശ്രേയസ് അയ്യരും കെ.എൽ രാഹുലും ഇന്ത്യയുടെ വിജയത്തിൽ നിർണായക പ്രകടനം കാഴ്ചവെച്ചു', എന്നായിരുന്നു ഷമ എക്സിൽ കുറിച്ചത്.
ഷമയുടെ പോസ്റ്റിന് താഴെയും ആരാധകര്‍ ട്രോളുകളും വിമർശനങ്ങളുമായി രംഗത്ത് വന്നു. നിങ്ങളുടെ 'തടിയനും' പിള്ളേരും കപ്പ് തൂക്കിയിട്ടുണ്ട്, കരഞ്ഞുകൊണ്ട് രോഹിത്തിനും ഇന്ത്യന്‍ ടീമിനുമുള്ള അഭിനന്ദന കുറിപ്പെഴുതുന്ന ഷമ എന്നെല്ലാമാണ് കമന്റുകൾ. 130 കോടി വരുന്ന ഇന്ത്യൻ പൗരന്മാരെയാണ് ഷമ അപമാനിച്ചതെന്നും രോഹിത്തിനോട് ഷമ മാപ്പുപറയണമെന്നും ആരാധകരിൽ ചിലർ പറയുന്നുണ്ട്.
നേരത്തെ, രോഹിത് ശര്‍മയുടെ ശരീര പ്രകൃതിയെ മോശം ഭാഷയില്‍ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ഷമ ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. രോഹിത് ശര്‍മ തടിയനാണെന്നും ഇന്ത്യയുടെ എക്കാലത്തെയും മോശം ക്യാപ്റ്റനാണെന്നുമായിരുന്നു ഷമ മുഹമ്മദിന്റെ വിവാദ ട്വീറ്റ്. ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ രോഹിത് 17 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റ്. വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ ഇവര്‍ ട്വീറ്റ് പിന്‍വലിച്ചിരുന്നു.
Content Highlights: Congress Leader Shama Mohamed Appreciates Captain Rohit Sharma