ക്യാപിറ്റല്‍സിന് തിരിച്ചടി; ഐപിഎല്ലില്‍ നിന്ന് വീണ്ടും പിന്മാറി ഹാരി ബ്രൂക്ക്, 2 വര്‍ഷത്തെ വിലക്കിന് സാധ്യത

തുടര്‍ച്ചയായ രണ്ടാം സീസണിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഐപിഎല്ലില്‍ നിന്ന് പിന്‍മാറുന്നത്

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി. ക്യാപിറ്റൽസിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ ബാറ്റര്‍ ഹാരി ബ്രൂക്ക് ഐപിഎല്ലില്‍ നിന്ന് വീണ്ടും പിന്‍മാറിയിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഐപിഎല്ലില്‍ നിന്ന് പിന്‍മാറുന്നത്. ഇതോടെ ഐപിഎല്ലില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് ബ്രൂക്കിനെ ബിസിസിഐ ബാന്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

ജോസ് ബട്‌ലർക്ക് പകരമായി ബ്രൂക്കിനെ ഇംഗ്ലണ്ട് വൈറ്റ് ബോൾ ടീം നായകനായി നിയമിക്കുമെന്ന വാര്‍ത്തകൾക്കിടെയാണ് ഐപിഎല്ലില്‍ നിന്നുള്ള താരത്തിന്റെ അപ്രതീക്ഷിത പിന്മാറ്റം. ഐപിഎല്ലിൽ ഡൽഹിക്ക് വേണ്ടി കളിക്കാൻ ബ്രൂക്ക് എത്തില്ലെന്ന് ബിസിസിഐയെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. എക്‌സ് അക്കൗണ്ടിലൂടെയാണ് ബ്രൂക്ക് തന്റെ തീരുമാനം അറിയിച്ചത്. കരിയറിലെ തിരക്കേറിയ ഘട്ടത്തിൽ റീചാർജ് ചെയ്യാൻ സമയം വേണമെന്ന് വ്യക്തമാക്കിയാണ് ബ്രൂക്ക് പിന്‍മാറിയത്.

‘വരാനിരിക്കുന്ന ഐപിഎല്‍ സീസണിൽ നിന്ന് പിന്മാറാനുള്ള വളരെ ബുദ്ധിമുട്ടുള്ള തീരുമാനം ഞാന്‍ എടുത്തിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനോടും അവരുടെ ആരാധകരോടും ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട സമയമാണ്. വരാനിരിക്കുന്ന പരമ്പരയ്ക്കായി തയ്യാറെടുക്കാന്‍ ഞാന്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധനാണ്'

എന്റെ കരിയറിലെ ഇതുവരെയുള്ള തിരക്കേറിയ കാലഘട്ടത്തിന് ശേഷം എനിക്ക് റീചാര്‍ജ് ചെയ്യാന്‍ സമയം ആവശ്യമാണ്. എല്ലാവര്‍ക്കും ഇത് മനസിലാകണമെന്നില്ല എന്ന് എനിക്കറിയാം. അത് ഞാൻ പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാന്‍ ചെയ്യുന്നു. എന്റെ രാജ്യത്തിനായി കളിക്കുക എന്നതിനാണ് ഞാൻ മുന്‍ഗണന നൽകുന്നത്,’ ഹാരി ബ്രൂക്ക് എക്സിൽ കുറിച്ചു.

താരലേലത്തിൽ 6.25 കോടി രൂപയ്ക്കാണ് ഡൽഹി ബ്രൂക്കിനെ സ്വന്തമാക്കിയത്. മുത്തശ്ശിയുടെ മരണത്തെത്തുടര്‍ന്ന് 2024 ഐപിഎല്ലില്‍ നിന്ന് ബ്രൂക്ക് പിന്മാറിയിരുന്നു. 2025-26ലെ ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് പ്ലെയര്‍ റെഗുലേഷന്‍ പ്രകാരം ഒരു കളിക്കാരന്‍ പിന്മാറിയാല്‍ രണ്ട് വര്‍ഷത്തേക്ക് വിലക്ക് നേരിടേണ്ടിവരുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlights: IPL 2025: Harry Brook Withdraws from Delhi Capitals, Faces Two-Year Ban

dot image
To advertise here,contact us
dot image