
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിലും കിവി താരമായ ഗ്ലെൻ ഫിലിപ്സിന്റെ ഒരു തകർപ്പൻ ഫീൽഡിങ് പ്രകടനമുണ്ടായിരുന്നു. ഇത്തവണ ഇന്ത്യൻ ഓപണർ ശുഭ്മൻ ഗില്ലിന്റെ അസാമാന്യ ക്യാച്ചെടുത്തായിരുന്നു ഫിലിപ്സിന്റെ തകർപ്പൻ ഫീൽഡിങ്. ഈ ഫീൽഡിങ് കണ്ട് ഇതിഹാസ ഫീൽഡർ സാക്ഷാൽ ജോണ്ടി റോഡ്സ് തന്റെ അഭിപ്രായപ്രകടനവുമായി രംഗത്ത് വന്നതും ഫിലിപ്സിനെ അഭിനന്ദിച്ചതുമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യൻ ബാറ്റിങ്ങിന്റെ 19-ാം ഓവറിലായിരുന്നു സംഭവം. ന്യൂസിലാൻഡ് ക്യാപ്റ്റനും സ്പിന്നറുമായ മിച്ചൽ സാന്റനർ എറിഞ്ഞ പന്തിൽ ഒരു കവർ ഡ്രൈവിനായിരുന്നു ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ ശ്രമം. എന്നാൽ ഗ്ലെൻ ഫിലിപ്സ് തന്നെ കടന്നുപോകാൻ ഒരു പന്തിനെയും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു. ഒരൊറ്റ കൈയ്യിൽ വായുവിലേക്ക് ചാടിയുയർന്ന് സ്ട്രെച്ച് ചെയ്ത് ഫിലിപ്സ് ക്യാച്ച് കൈപ്പിടിയിലാക്കി.
ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരു ആരാധകൻ പങ്കുവെച്ച വീഡിയോയുടെ ചുവടെയാണ് ജോണ്ടി റോഡ്സ് കമന്റുമായി എത്തിയത്. സോറി ജോണ്ടി റോഡ്സ്, ഞങ്ങൾ വിശ്വസിക്കുന്നു ഗ്ലെൻ ഫിലിപ്സാണ് ഈ കാലത്തെ ഏറ്റവും മികച്ച ഫീൽഡർ എന്നായിരുന്നു ആരാധകർ കുറിപ്പിട്ടത്. ഇത് ഷെയർ ചെയ്താണ് സോറിയുടെയൊന്നും ആവശ്യമില്ല, ഞാനും ഇത് തന്നെ അംഗീകരിക്കുന്നു എന്ന കമന്റുമായി ജോണ്ടി രോഡ്സ് രംഗത്ത് വന്നത്. വളരെ പെട്ടെന്ന് തന്നെ ഇത് വൈറലാവുകയും ചെയ്തു.
Don’t be sorry, I agree https://t.co/blN2eYm690
— Jonty Rhodes (@JontyRhodes8) March 10, 2025
ഈ ടൂർണമെന്റിൽ മാത്രമായി ഇത്തരം മൂന്ന് അവിശ്വസനീയ ക്യാച്ചുകൾ ഫിലിപ്സ് എടുത്തിട്ടുണ്ട്. ഇതിനു മുമ്പത്തെ മത്സരത്തിൽ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ഗ്ലെന്‍ ഫിലിപ്‌സ് പുറത്താക്കിയത് വാര്‍ത്തയായിരുന്നു. ഇടത്തേക്ക് ഡൈവ് ചെയ്ത് ഒറ്റക്കൈയില്‍ ഗ്ലെന്‍ ഫിലിപ്‌സ് ക്യാച്ചെടുത്തത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനു മുമ്പത്തെ മത്സരത്തിൽ പാക് നായകൻ റിസ്വാനെയും ഇത്തരമൊരു ക്യാച്ചിലൂടെ ഫിലിപ്സ് പുറത്താക്കിയിരുന്നു.
Content highlights: Jonty Rhodes praise glenn philips catch