CT 2025; ഇന്ത്യയ്ക്ക് കിരീടം സമ്മാനിക്കുന്ന വേദിയില്‍ പാകിസ്താന്‍ ക്രിക്കറ്റ് ഭാരവാഹികള്‍ ഇല്ല, വിവാദം

ആതിഥേയരെന്ന നിലയില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാരവാഹികളുടെ അസാന്നിധ്യം ചര്‍ച്ചയായിരിക്കുകയാണ്

dot image

ഐസിസി ചാംപ്യൻസ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് ഇന്ത്യ. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ‌ ന്യൂസിലാൻഡിനെ നാല് വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം വീണ്ടെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഏഴ് വിക്കറ്റിന് 251 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ആറ് പന്തും നാല് വിക്കറ്റും ബാക്കി നിര്‍ത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ (76) അര്‍ധ സെഞ്ച്വറിയും ശ്രേയസ് അയ്യരുടേയും (48) കെ എല്‍ രാഹുലിന്റേയും (34*) ബാറ്റിങ് പ്രകടനങ്ങളും സ്പിന്നര്‍മാരുടെ മിന്നും ബൗളിങ്ങുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

ഇപ്പോഴിതാ ഇന്ത്യയുടെ കിരീട നേട്ടത്തിന് പിന്നാലെ വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയ്ക്ക് കിരീടം സമ്മാനിക്കുന്ന ചടങ്ങിൽ‌ പിസിബിയുടെ ഭാരവാഹികളില്‍ ആരും പങ്കെടുക്കാത്തതാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഉദ്യോഗസ്ഥരോടൊപ്പം ഫൈനലിൽ കളിക്കുന്ന ടീമുകളുടെ ബോർഡ് അംഗങ്ങളും പങ്കെടുത്തെങ്കിലും സമ്മാനദാന ചടങ്ങിന്‍ ആതിഥേയ ബോർഡിന്റെ ഉദ്യോഗസ്ഥർ ആരും സന്നിഹിതരായിരുന്നില്ല.

ആതിഥേയരെന്ന നിലയില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാരവാഹികള്‍ ട്രോഫി വിതരണ സമയത്ത് വേദിയിൽ ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍ ഇന്ത്യ കപ്പ് നേടിയതോടെ ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ഉൾപ്പെടെ പിസിബിയുടെ ഭാരവാഹികള്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇതാണ് വിവാദമായിരിക്കുന്നത്.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരേ വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ഇന്ത്യയ്ക്ക് ട്രോഫി സമ്മാനിക്കുന്ന വേദിയിൽ നിന്ന് പിസിബി അധികൃതർ വിട്ടുനിന്നത് മോശമായിപ്പോയെന്നാണ് ആരാധകരിൽ ചിലർ പറയുന്നത്. ഇന്ത്യയ്ക്ക് കപ്പ് നേടിയതിലുള്ള നിരാശയാണോ ഇതെന്നും ഇത്രയും അസൂയ എന്തിനാണെന്നും ആരാധകര്‍ ചോദിക്കുന്നു.

Content Highlights: Major Controversy Erupts As Hosts Pakistan Go Missing While India Lift Champions Trophy Title

dot image
To advertise here,contact us
dot image