'കെ എല്‍ രാഹുലിന് ഒരേയൊരു ശത്രുവാണുള്ളത്, പക്ഷേ അത് ബോളറല്ല'; വിശകലനവുമായി സഞ്ജയ് മഞ്ജരേക്കര്‍

2023 ലെ ഏകദിന ലോകകപ്പ് ഫൈനലിൽ സമ്മർദ്ദത്തിൽ ഇടറിവീണതിന് ശേഷം രാഹുൽ നടത്തിയ ​ഗംഭീര തിരിച്ചുവരവിനെ പുകഴ്ത്തുകയും ചെയ്തു

dot image

2025 ലെ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ നിർണായക പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ ​രാഹുലിനെ വാനോളം പുകഴ്ത്തി മുൻ താരം സഞ്ജയ് മഞ്ജരേക്കർ. ടൂർണമെന്റിൽ ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിലും ന്യൂസിലാൻഡിനെതിരായ ഫൈനലിലും അമിത സമ്മർദ്ദത്തിനിടയിലും മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെയാണ് രാഹുലിനെ അഭിനന്ദിച്ച് മഞ്ജരേക്കർ രം​ഗത്തെത്തിയത്. പ്രത്യേകിച്ച് അഹമ്മദാബാദിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ 2023 ലെ ഏകദിന ലോകകപ്പ് ഫൈനലിൽ സമ്മർദ്ദത്തിൽ ഇടറിവീണതിന് ശേഷം രാഹുൽ നടത്തിയ ​ഗംഭീര തിരിച്ചുവരവിനെ പുകഴ്ത്തുകയും ചെയ്തു.

ഞായറാഴ്ച ദുബായിൽ നടന്ന 2025 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചു. അതിനുമുമ്പ് ആദ്യ സെമിഫൈനലിൽ ഓസ്ട്രേലിയയെ ഇതേ മാർജിനിൽ പരാജയപ്പെടുത്തി. രണ്ട് തവണയും രാഹുൽ നിർണായകമായ ഇന്നിംഗ്സുകൾ കളിച്ചു, സെമിയിൽ 34 പന്തിൽ പുറത്താകാതെ 42 റൺസും ഫൈനലിൽ 33 പന്തിൽ പുറത്താകാതെ 34 റൺസും അടിച്ചെടുത്തു. 2025 ചാംപ്യൻസ് ട്രോഫിയിൽ നാല് ഇന്നിംഗ്സുകളിൽ നിന്ന് 97.90 സ്ട്രൈക്ക് റേറ്റിൽ 140 റൺസ് നേടി രാഹുൽ മനോഹരമായ രീതിയിൽ ടൂർണമെന്റ് അവസാനിപ്പിച്ചു.

ഇതിന് പിന്നാലയാണ് ഐസിസി ടൂർണമെന്റിൽ രാഹുലിന്റെ തകർപ്പൻ പ്രകടനത്തെ അഭിനന്ദിച്ചത്. രാഹുലിന്റെ രണ്ട് ഇന്നിംഗ്സുകളും നിർണായകമായിരുന്നുവെന്നാണ് ഇഎസ്പിഎൻ ക്രിക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ മഞ്ജരേക്കർ അഭിപ്രായപ്പെട്ടത്. “2023 ലെ ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിൽ അവനെ കുറ്റപ്പെടുത്തി. ആ തോൽവി തന്നെ വേദനിപ്പിച്ചുവെന്നും വേട്ടയാടിയെന്നും എത്ര സത്യസന്ധമായ രീതിയിലാണ് അദ്ദേഹം തുറന്നുപറഞ്ഞത്. എന്തായാലും അദ്ദേഹം ഇപ്പോൾ തിരിച്ചുവന്ന രീതിക്ക് കൈയടിക്കാം”, മഞ്ജരേക്കർ പറഞ്ഞു.

“കെഎൽ രാഹുലിന് ഒരേയൊരു ശത്രുവായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ അതൊരിക്കലും ഏതെങ്കിലും ബൗളറല്ല.‌ മറിച്ച് അദ്ദേഹത്തിന്റെ സ്വന്തം മാനസികാവസ്ഥയായിരുന്നു. പക്ഷേ ഇപ്പോൾ അദ്ദേഹം വളരെ വിശ്രമത്തോടെ കാണപ്പെടുകയും ക്രീസിൽ തുടരുന്നതിൽ അദ്ദേഹം വളരെ സന്തോഷവാനാവുകയും ചെയ്തു. കൂളായി ഒരു സമ്മർദ്ദവും ഇല്ലാതെ കളിക്കുന്ന രാഹുലിനെ തടയാൻ ആർക്കും പറ്റില്ല എന്നതാണ് സത്യം”, മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

Content Highlights: "The only enemy that KL Rahul has is not the bowler" -Manjarekkar's huge statement on Indian batter after 2025 Champions Trophy heroics

dot image
To advertise here,contact us
dot image