
2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ പുകയില, മദ്യം എന്നിവയുടെ പരസ്യങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഐപിഎൽ ചെയർമാനും ബിസിസിഐയ്ക്കും കത്തെഴുതി. ഹെല്‍ത്ത് സര്‍വീസ് ഡിജി അതുല്‍ ഗോയലാണ് ഐപിഎല്‍ ചെയര്‍മാന് കത്തയച്ചത്. ഐപിഎല്‍ വേദികളിലും അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകളിലും ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിലടക്കം മദ്യത്തിന്റെയും പുകയിലയുടെയും പരസ്യങ്ങളും അതിന് പകരംവെക്കുന്നതിന്റെ പ്രമോഷനുകളും നിരോധിക്കണമെന്നാണ് നിര്‍ദേശം. മദ്യം - സിഗരറ്റ് ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരെ ചടങ്ങില്‍ പ്രോത്സാഹിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദ്ദേശിച്ച നിയന്ത്രണങ്ങൾ ഐപിഎല്ലിൽ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. കമന്റേറ്റർമാർ ഉൾപ്പെടെയുള്ള കായികതാരങ്ങൾ മദ്യത്തിന്റെയോ പുകയില ഉൽപ്പന്നങ്ങളുടെയോ പ്രൊമോഷൻ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ സേവന ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടു. ക്രിക്കറ്റ് താരങ്ങള്‍ യുവാക്കള്‍ക്ക് മാതൃകയാവുകയാണ് വേണ്ടത്. പൊതുജനാരോഗ്യ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സാമൂഹികവും ധാര്‍മ്മികവുമായ ഉത്തരവാദിത്തം രാജ്യത്തെ ഏറ്റവും വലിയ കായിക വേദിയായ ഐപിഎല്‍ വഹിക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
ഇന്ത്യ സാംക്രമികേതര രോഗങ്ങളാൽ കഷ്ടപ്പെടുന്നുണ്ടെന്നാണ് ഗോയൽ കത്തിൽ പറയുന്നത്. ഇന്ത്യയിൽ പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളായ ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ, വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങൾ, പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയവ കൂടിവരികയാണ്. ഇവ പ്രതിവർഷം 70 ശതമാനത്തിലധികം മരണങ്ങൾക്കും കാരണമാകുന്നു. അതേസമയം ഈ വർഷത്തെ ഐപിഎൽ സീസൺ 2025 മാർച്ച് 22 ന് ആരംഭിക്കുകയാണ്.
Content Highlights: No alcohol and tobacco ads during IPL 2025: Union Health Ministry issues advisory