
അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിലെ അവസാന മത്സരത്തിലും പരാജയപ്പെട്ട് ഇംഗ്ലണ്ട് മാസ്റ്റേഴ്സ്. നേരത്തെ തന്നെ സെമി ഉറപ്പിച്ച ഓസ്ട്രേലിയൻ മാസ്റ്റേഴ്സിനോട് മൂന്ന് വിക്കറ്റിനാണ് ഒയിൻ മോർഗന്റെ സംഘം അവസാന മത്സരത്തിൽ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മാസ്റ്റേഴ്സ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ മാസ്റ്റേഴ്സ് ലക്ഷ്യത്തിലെത്തിയത്.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് മാസ്റ്റേഴ്സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 32 പന്തിൽ അഞ്ച് ഫോറുകളും അഞ്ച് സിക്സറുകളും സഹിതം 64 റൺസുമായി ക്യാപ്റ്റൻ ഒയിൻ മോർഗൻ ഇംഗ്ലണ്ടിനെ മുന്നിൽ നിന്ന് നയിച്ചു. 44 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 69 റൺസ് നേടിയ ടിം അംബ്രോസിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയ്ക്കായി ഡാനിയേൽ ക്രിസ്റ്റ്യൻ 28 പന്തിൽ ഏഴ് ഫോറും നാല് സിക്സറും സഹിതം 61 റൺസെടുത്തു. 39 പന്തിൽ ഒമ്പത് ഫോറും അഞ്ച് സിക്സറും സഹിതം നഥാൻ റിയാർഡോൺ 83 റൺസും സംഭാവന ചെയ്തു. ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്കാണ് ഓസ്ട്രേലിയൻ മാസ്റ്റേഴ്സ് നീങ്ങിയത്. 18 ഓവർ പൂർത്തിയാകുമ്പോൾ ഓസ്ട്രേലിയൻ സ്കോർ നാലിന് 203 എന്ന നിലയിലായിരുന്നു. എന്നാൽ 19-ാം ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ടിം ബ്രെസ്നാൻ ഇംഗ്ലണ്ടിന് പ്രതീക്ഷകൾ നൽകി. പക്ഷേ ബ്രെസ്നാന്റെ അഞ്ച് വിക്കറ്റ് നേട്ടം ഏറെ വൈകിയപ്പോയിരുന്നു. അവസാന ഓവറിൽ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് ബാക്കിയാക്കി ലക്ഷ്യം കണ്ടു.
Content Highlights: England Masters lost all their matches in the tournament