
വൈറ്റ് ബോൾ ഐസിസി ടൂർണമെന്റുകളിൽ ന്യൂസിലാൻഡ് ഉടൻ തന്നെ കിരീടം നേടുന്നത് ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്. നേരത്തെ ചാംപ്യൻസ് ട്രോഫി 2025 സീസണിൽ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചപ്പോൾ പോണ്ടിങ് ന്യൂസിലൻഡിന്റെ പേരുപറഞ്ഞില്ലായിരുന്നു. എന്നാൽ ന്യൂസിലാൻഡ് തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇനി ഏത് ഐസിസി ഫോർമാറ്റിലെയും ആദ്യ നാല് ടീമിൽ ന്യൂസിലാൻഡിനെ എണ്ണുമെന്നും പോണ്ടിങ് പറഞ്ഞു.
ചാംപ്യൻസ്ട്രോഫിയിലുടനീളം ന്യൂസിലാൻഡ് നടത്തിയ പ്രകടനങ്ങളെയും പോണ്ടിങ് പ്രശംസിച്ചു. ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിഫൈനലിൽ 362 റൺസിന്റെ കൂറ്റൻ സ്കോർ നേടി ദക്ഷിണാഫ്രിക്കയെ 50 റൺസിന് പരാജയപ്പെടുത്തിയതിനെ എടുത്തുപറഞ്ഞ പോണ്ടിങ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്ന് എന്ന് ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തു. 'ഫൈനലിലും അവർ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്, എതിരാളി ഇന്ത്യയായത് കൊണ്ടും അന്നത്തെ ദിവസത്തെ ആനുകൂല്യങ്ങൾ ഇന്ത്യയ്ക്കായത് കൊണ്ടും കിവികൾ തോറ്റു, എന്നാൽ അധികം വൈകാതെ ഏത് കരുത്തുറ്റ ടീമിനെയും തോൽപ്പിച്ച് അവർ കിരീടം നേടും, പോണ്ടിങ് പറഞ്ഞു.
ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യയോട് മാത്രമായിരുന്നു ന്യൂസിലാൻഡ് തോറ്റത്. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെയും ബംഗ്ലാദേശിനെയും തോൽപ്പിച്ച കിവികൾ പക്ഷെ ഇന്ത്യയോട് തോറ്റു. ശേഷം ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഫൈനലിലെത്തിയെങ്കിലും വീണ്ടും ഇന്ത്യയ്ക്ക് മുന്നിൽ വീഴുകയായിരുന്നു. നിലവിൽ ഇതുവരെ 2000 ലെ ചാംപ്യൻസ് ട്രോഫി കിരീടവും 2021 ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടവുമാണ് ന്യൂസിലാൻഡിനുള്ളത്.
Content Highlights:Only A Matter Of Time Before New Zealand Win ICC Title": Ricky Ponting