
2021ലെ ട്വന്റി 20 ലോകകപ്പിന് ശേഷമുണ്ടായ ജീവിതത്തിലെ മോശം ദിനങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വരുൺ ചക്രവർത്തി. 'അന്ന് എന്റെ ജീവിതത്തിലെ ഇരുണ്ട ദിവസങ്ങളായിരുന്നു. 2021 ട്വന്റി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചിട്ടും എന്റെ പ്രകടനം മോശമായി. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ടീമിലേക്ക് എന്നെ വിളിച്ചത്. എന്നാൽ ഒരു വിക്കറ്റ് വീഴ്ത്താൻ പോലും എനിക്ക് കഴിഞ്ഞില്ല. ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.' ഗോബിനാഥ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വരുൺ പ്രതികരിച്ചു.
'2021 ട്വന്റി 20 ലോകകപ്പിന് ശേഷം എനിക്ക് നിരവധി ഭീഷണി കോളുകൾ ലഭിച്ചു. ഇന്ത്യയിലേക്ക് വരരുത്, വരാൻ നിങ്ങൾക്ക് കഴിയില്ല. എന്റെ വീട് അന്വേഷിച്ച് ആളുകൾ വന്നു. ചില സമയം എനിക്ക് മറഞ്ഞിരിക്കേണ്ടി വന്നു. ലോകകപ്പിന് ശേഷം എയർപോർട്ടിൽ നിന്നും തിരികെ വരുമ്പോൾ ചിലർ എന്നെ ബൈക്കിൽ പിന്തുടർന്നു. അത് സംഭവിക്കും. ആരാധകരുടെ വികാരം എനിക്ക് മനസിലാക്കാൻ കഴിയും.' വരുൺ പറഞ്ഞു.
'ജീവിതത്തിലെ മോശം ദിനങ്ങളെ എങ്ങനെ മറികടന്നുവെന്നും വരുൺ തുറന്നുപറഞ്ഞു. 2021ന് ശേഷം ഞാൻ ഒരുപാട് മാറി. ഓരോ ദിവസത്തെയും എന്റെ ക്രിക്കറ്റ് പരിശീലനത്തിൽ മാറ്റം വരുത്തി. സാധാരണ 50 പന്തുകളാണ് നെറ്റ്സിൽ ഞാൻ എറിഞ്ഞിരുന്നത്. അത് ഇരട്ടിയാക്കി. സെലക്ടർമാർ വീണ്ടുമൊരു അവസരം എനിക്ക് തരുമോയെന്ന് അറിയാതെയാണ് ഞാൻ കഠിന പരിശീലനം തുടർന്നത്. മൂന്ന് വർഷത്തിന് ശേഷം ഞാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ഐപിഎൽ ജേതാക്കളായി. അതിന് പിന്നാലെ എനിക്ക് ഇന്ത്യൻ ടീമിൽ നിന്ന് വിളിവന്നു. അത് എനിക്ക് ഏറെ സന്തോഷം നൽകി.' വരുൺ ചക്രവർത്തി വ്യക്തമാക്കി.
Content Highlights: Varun Chakaravarthy's shocking revelation on his bad days