ഹാട്രിക് ഫൈനലിലും ഡൽഹിക്ക് തോൽവി; വനിത പ്രീമിയർ ലീ​ഗ് മുംബൈ ഇന്ത്യൻസിന്

മുംബൈ ഇന്ത്യൻസിൻറെ രണ്ടാം വനിത പ്രീമിയർ ലീഗ് കിരീടമാണിത്

dot image

വനിത പ്രീമിയർ ലീ​ഗ് മൂന്നാം പതിപ്പിൽ മുംബൈ ഇന്ത്യൻസ് ചാംപ്യന്മാർ. ആവേശകരമായ ഫൈനലിൽ എട്ട് റൺസിനാണ് മുംബൈ ഇന്ത്യൻസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഡൽഹി ക്യാപിറ്റൽസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുക്കാനെ സാധിച്ചുള്ളു. തുടർച്ചയായ മൂന്നാം തവണയാണ് ഡൽഹി വനിത പ്രീമിയർ ലീ​ഗിന്റെ ഫൈനലിൽ പരാജയപ്പെടുന്നത്. മുംബൈ ഇന്ത്യൻസിൻറെ രണ്ടാം വനിത പ്രീമിയർ ലീഗ് കിരീടമാണിത്.

നേരത്തെ ടോസ് നേടിയ ഡൽഹി മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ രണ്ടിന് 14 എന്ന നിലയിൽ മുംബൈ തകർന്നിരുന്നു. എന്നാൽ തുടക്കത്തിൽ നേരിട്ട തകർച്ചയിൽ നിന്നും ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗറാണ് മുംബൈയെ രക്ഷിച്ചത്. 44 പന്തില്‍ 66 റൺസാണ് ഹർമ്മൻപ്രീതിന്റെ സംഭാവന. നതാലി സ്‌കിവര്‍ ബ്രന്‍ഡ് 30 റണ്‍സെടുത്തു. മൂന്നാം വിക്കറ്റിൽ സ്‌കിവര്‍ - ഹര്‍മന്‍പ്രീത് സഖ്യം 89 റണ്‍സ് കൂട്ടിചേര്‍ത്തു. ഡല്‍ഹിക്ക് വേണ്ടി മരിസാനെ കാപ്പ്, ജെസ് ജോനാസെന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി പറഞ്ഞ ഡൽഹി ക്യാപിറ്റൽസിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. 21 പന്തിൽ 30 റൺസെടുത്ത ജമീമ റോഡ്രി​ഗസും 26 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സറും സഹിതം 40 റൺസ് നേടിയ മരിസാന്‍ കാപ്പുമാണ് ഡൽഹിക്ക് വിജയപ്രതീക്ഷകൾ നൽകിയത്. അവസാന ഓവറുകളിൽ പുറത്താകാതെ 23 പന്തിൽ 25 റൺസെടുത്ത നിക്കി പ്രസാദിന്റെ പ്രകടനം ഡൽഹിയുടെ വിജയത്തിലെത്തിയില്ല. മുംബൈയ്ക്കായി ബൗളിങ്ങിലും തിളങ്ങിയ നതാലി സ്‌കിവര്‍ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

Content Highlights: Mumbai Indians beats Delhi Capitals by eight runs to lift second title

dot image
To advertise here,contact us
dot image