'സഞ്ജുവുമായി മത്സരിക്കാതിരിക്കുക!'; ഐപിഎല്ലില്‍ റിഷഭ് പന്തിന് നിർണായക ഉപദേശവുമായി ആകാശ് ചോപ്ര

ഓപണിങ് ഒഴിവാക്കി മധ്യനിരയിൽ മിന്നും പ്രകടനം പുറത്തെടുത്താൽ റിഷഭ് പന്തിന് ഇന്ത്യൻ T20 ടീമിൽ തിരിച്ചെത്താനാകുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു

dot image

ഇന്ത്യയുടെ വിക്കറ്റ് കീപ്പർ‌ ബാറ്റർ‌ റിഷഭ് പന്തിന് മലയാളി താരം സഞ്ജു സാംസണിനോട് മത്സരിക്കേണ്ട കാര്യമില്ലെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഓപണിങ് ഒഴിവാക്കി മധ്യനിരയിൽ മിന്നും പ്രകടനം പുറത്തെടുത്താൽ റിഷഭ് പന്തിന് ഇന്ത്യൻ ടീമിൽ തിരിച്ചെത്താനാകുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു. ‌ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായ പന്തിന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായാൽ പന്തിന് ഇന്ത്യൻ ട്വന്റി20 ടീമിലെ നഷ്ടമായ സ്ഥാനം വീണ്ടെടുക്കാനാകുമെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലുണ്ടായിരുന്ന റിഷഭ് പന്തിന് പിന്നീട് ഇന്ത്യൻ ടി20 ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി ഇന്ത്യൻ ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണാകട്ടെ മൂന്ന് സെഞ്ച്വറികളുമായി ഓപണറായി തിളങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ടി20 ടീമില്‍ തിരിച്ചെത്താന്‍ റിഷഭ് പന്തിന് മുന്നിലുള്ള സുവർണാവസരത്തെ കുറിച്ച് തുറന്നുപറഞ്ഞ് ആകാശ് ചോപ്ര രംഗത്തെത്തിയത്.

'ഇന്ത്യൻ ടീമില്‍ തിരിച്ചെത്താന്‍ വേണ്ടി സഞ്ജു സാംസണോട് മത്സരിച്ച് റിഷഭ് പന്ത് ഒരിക്കലും ഓപണറാകരുതെന്നും മധ്യനിരയിൽ നിക്കോളാസ് പുരാനും ഡേവിഡ് മില്ലര്‍ക്കുമൊപ്പം ബാറ്റ് ചെയ്യുകയാണ് വേണ്ടതെന്നുമാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. നിലവിൽ ഇന്ത്യയുടെ ടി20 ടീമിന്‍റെ ഭാഗമല്ലാത്ത റിഷഭ് പന്തിന് ഇത്തവണത്തെ ഐപിഎല്‍ വലിയൊരു അവസരമാണ്. ടി20 ടീമിലേക്ക് പന്തിനെ പരിഗണിക്കുന്നതുപോലുമില്ല. അവരുടെ വിദൂര പദ്ധതികളിൽപ്പോലും ഇപ്പോൾ പന്തുണ്ടെന്ന് തോന്നുന്നില്ല. ഇത്രയും നല്ലൊരു കളിക്കാരന് എന്തുകൊണ്ടാണ് ഇന്ത്യൻ ട്വന്റി20 ടീമിൽ ഇടം കിട്ടാത്തതെന്ന് ആളുകൾ അത്ഭുതപ്പെടുന്നുണ്ടാകും. ഇത്തവണ എന്തായാലും പന്തിന്റെ സീസണാണെന്ന് എനിക്ക് ഉറപ്പാണ്. സധൈര്യം മുന്നോട്ടുവന്ന് റൺസ് വാരിക്കൂട്ടുക. എല്ലാവരും ഞെട്ടട്ടെ', ചോപ്ര പറയുന്നു

'ലഖ്നൗ ടീമിൽ റിഷഭ് പന്ത് ബാറ്റിംഗ് ഓര്‍ഡറില്‍ എവിടെ ഇറങ്ങുമെന്നത് വലിയ ചോദ്യമാണ്. പന്തിനെ ഓപണറായി പരീക്ഷിക്കണമെന്ന വാദവും ഉയരുന്നുണ്ട്. എന്നാല്‍ സഞ്ജു സാംസണിനെതിരെ മത്സരിക്കാന്‍ വേണ്ടി ഓപണറായി നില്‍ക്കേണ്ടെന്നാണ് എന്റെ അഭിപ്രായം. നിലവിലെ സാഹചര്യത്തിൽ മൂന്നാം നമ്പറിനോ നാലാം നമ്പറിനോ മുൻപോ ബാറ്റിങ്ങിന് ഇറങ്ങേണ്ട കാര്യമില്ല. മികച്ച തുടക്കം ലഭിക്കുകയാണെങ്കിൽ വൺഡൗണായി ഇറങ്ങാം. അല്ലെങ്കിൽ എല്ലാ ഇടംകയ്യൻമാരെയും നാല്, അഞ്ച്, ആറ് നമ്പറുകളിൽ ഇറക്കി അടിച്ചുതകർക്കുക' ആകാശ് ചോപ്ര പറഞ്ഞു.

Content Highlights: 'Don’t Compete With Sanju Samson,' Aakash Chopra's Bold Advice To Rishabh Pant For IPL 2025

dot image
To advertise here,contact us
dot image