
13 വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെയൊരു മാർച്ച് 16 നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ നൂറാം സെഞ്ച്വറി തികയ്ക്കുന്നത്. അന്തരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരവും ഒരേയൊരു താരവും സച്ചിനാണ്. ഒരു വർഷം നീണ്ടുനിന്ന സെഞ്ച്വറി ഇടവേളയിലാണ് സച്ചിൻ നൂറാം സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതിനിടയിൽ ഒരുപാട് തവണ 90 + സ്‌കോറിൽ വീഴുകയും ചെയ്തിരുന്നു.
ടെസ്റ്റിൽ 51 എണ്ണവും ഏകദിനത്തിൽ 49 എണ്ണവും സെഞ്ച്വറികളാണ് സച്ചിനുള്ളത്. അദ്ദേഹത്തിന് പിന്നിലുള്ളത് 82 സെഞ്ച്വറികൾ നേടിയിട്ടുള്ള വിരാട് കോഹ്‌ലിയാണ്. മിർപൂർ ഏകദിനത്തിലെ ചരിത്ര സെഞ്ച്വറിയിൽ സച്ചിൻ 147 പന്തിൽ നിന്ന് 114 റൺസാണ് നേടിയത്. താരത്തിന്റെ സെഞ്ച്വറി പ്രകടനത്തിൽ ഇന്ത്യ അഞ്ചുവിക്കറ്റിന് 289 റൺസ് നേടിയെങ്കിലും ബംഗ്ലാദേശ് അഞ്ചുവിക്കറ്റ് നഷ്ടത്തിൽ അത് മറികടന്നു.
തൊട്ടടുത്ത വർഷം 2013 നവംബർ 16 ന്, തന്റെ 200-ാമത്തെ ടെസ്റ്റ് കളിച്ചതിന് ശേഷം, 39 വയസ്സും 8 മാസവും പ്രായമുള്ളപ്പോൾ സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസിനെതിരെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു അത്.
200 ടെസ്റ്റുകളിലും 463 ഏകദിനങ്ങളിലും 1 ടി20യിലും നിന്നായി 34,357 അന്താരാഷ്ട്ര റൺസ് നേടിയാണ് സച്ചിൻ തന്റെ കരിയർ അവസാനിപ്പിച്ചത്. ടെസ്റ്റിൽ 53.78 ശരാശരിയിൽ 15,921 റൺസ് നേടിയ ഏകദിനത്തിൽ 18,426 റൺസ് നേടി.
Content Highlights: India celebrates 13 years of Sachin Tendulkar's 100 hundreds