
തന്റെ വ്യക്തിജീവിതത്തിനേക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ക്രിക്കറ്റാണെന്ന് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി. വിരാട് കോഹ്‌ലിയുടെ ഭക്ഷണക്രമവും ഫിറ്റ്‌നസ് രഹസ്യങ്ങളുമെല്ലാം എക്കാലവും ആരാധകര്‍ക്കിടയിലും ചാനലുകളിലുമെല്ലാം ചര്‍ച്ചയാകാറുള്ളതാണ്. എന്നാല്‍ കായിക താരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലൂടെ യാതൊരു പ്രസക്തിയില്ലെന്നും താരങ്ങളുടെ പ്രകടനങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും പറയുകയാണ് കോഹ്‌ലി.
"Can't Talk About Favourite Chhole Bhature Place": Virat Kohli Blasts Broadcasters During RCB Event. pic.twitter.com/Vmd3k4j44o
— The Gorilla (News & Updates) (@iGorilla19) March 16, 2025
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇന്നൊവേഷന്‍ ലാബ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സമ്മിറ്റില്‍ സംസാരിക്കവേയായിരുന്നു താരത്തിന്റെ പ്രതികരണം. സ്‌പോര്‍ട്‌സ് ചാനലുകളില്‍ ക്രിക്കറ്റ് ചര്‍ച്ചകളില്‍ തന്റെ ഇഷ്ടഭക്ഷണത്തെ കുറിച്ചോ താന്‍ ഇന്നലെ കഴിച്ച ഭക്ഷണം എന്താണെന്നോ അല്ല ചര്‍ച്ച ചെയ്യേണ്ടതെന്നുമാണ് കോഹ്‌ലി തുറന്നടിച്ചത്.
'സ്‌പോര്‍ട്‌സ് ചാനലുകളിലെ ചര്‍ച്ചകളില്‍ ക്രിക്കറ്റാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്, അല്ലാതെ ഞാന്‍ ഇന്നലെ ഉച്ചഭക്ഷണത്തിന് എന്താണ് കഴിച്ചതെന്നോ ഡല്‍ഹിയില്‍ എന്റെ പ്രിയപ്പെട്ട ചോല ബട്ടൂര കിട്ടുന്ന സ്ഥലത്തെ കുറിച്ചോ അല്ല. ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ ഇത്തരം ചര്‍ച്ചകള്‍ എന്തിനാണ് നടത്തുന്നത്. ഒരു അത്‌ലറ്റ് കടന്നുപോകേണ്ട സാഹചര്യങ്ങളും മറ്റുമാണ് ചര്‍ച്ചകള്‍ക്ക് വിഷയമാകേണ്ടത്', വിരാട് കോഹ്‌ലി പറഞ്ഞു.
ഇന്ത്യന്‍ താരങ്ങള്‍ക്ക് മേല്‍ ബിസിസിഐ പുതിയതായി കൊണ്ടുവന്ന നിയമങ്ങള്‍ക്കെതിരെയും കോഹ്‌ലി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ ടീമിന്റെ പര്യടനങ്ങളില്‍ കുടുംബങ്ങളുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് കോഹ്ലി പറഞ്ഞു. പ്രത്യേകിച്ച് കളിക്കാര്‍ക്ക് മാനസിക ബുദ്ധിമുട്ടുള്ള സമയങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ കൂടെ നില്‍ക്കാന്‍ പങ്കാളിയുണ്ടാകുന്നത് ഗുണം ചെയ്യുമെന്നും താരം പറഞ്ഞു.
ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ ഓസ്ട്രേലിയയോട് 3-1 ന് പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ടൂറുകളിൽ കളിക്കാരുടെ കുടുംബ സമയം പരിമിതപ്പെടുത്തുന്ന നിർദ്ദേശങ്ങൾ അവതരിപ്പിച്ചതിന് ശേഷമാണ് വിരാടിന്റെ അഭിപ്രായങ്ങൾ. പുതിയ നിയമമനുസരിച്ച് 45 ദിവസത്തിൽ കൂടുതലുള്ള ഒരു പര്യടനത്തിന്റെ ആദ്യ രണ്ടാഴ്ചയ്ക്ക് ശേഷം കളിക്കാരുടെ അടുത്ത കുടുംബാംഗങ്ങൾ, പങ്കാളികൾ, കുട്ടികൾ എന്നിവർക്ക് 14 ദിവസത്തേക്ക് മാത്രമേ താരങ്ങൾക്ക് ചേരാൻ അനുവാദമുള്ളൂ, അതിൽ തന്നെ ഒരുപാട് നിയന്ത്രണങ്ങളുണ്ട്.
Content Highlights: Virat Kohli blasts broadcasters for discussing personal life over cricket