
ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉടൻ തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിൽ വിദർഭ ക്രിക്കറ്റ് താരം കരുൺ നായർ. 'ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് ഞാൻ ഒരുപാട് അടുത്തിരിക്കുന്നു. ഇതാണ് എന്റെ മനസ് പറയുന്നത്. എന്നാൽ ഇപ്പോൾ ഐപിഎല്ലിനെക്കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. എല്ലാ മത്സരത്തിലും തന്റെ നിർണായക സംഭാവന ഉണ്ടാകണമെന്നാണ് ആഗ്രഹം.' കരുൺ നായർ പ്രതികരിച്ചു.
വിജയ് ഹസാരെ ട്രോഫിയിലും വിദർഭയ്ക്കായി കരുൺ നായർ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. എട്ട് ഇന്നിംഗ്സുകളിൽ നിന്നായി 779 റൺസാണ് വിദർഭ നായകൻ കൂടിയായ കരുൺ അടിച്ചുകൂട്ടിയത്. അഞ്ച് സെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. ടൂർണമെന്റിൽ രണ്ട് തവണ മാത്രമാണ് കരുണിനെ പുറത്താക്കാൻ എതിരാളികൾക്ക് സാധിച്ചത്.
വിജയ് ഹസാരെ ട്രോഫിയിൽ കരുൺ നായർ നായകനായ വിദർഭ ഫൈനൽ കളിച്ചിരുന്നു. അവസാന മത്സരത്തിൽ കർണാടകയോട് പരാജയപ്പെട്ടു. എന്നാൽ രഞ്ജി ട്രോഫിയിൽ അക്ഷയ് വഡേക്കറുടെ കീഴിൽ വിദർഭ കിരീടം നേടി. രഞ്ജി ട്രോഫിയിൽ മൂന്ന് സെഞ്ച്വറികളടക്കം 16 ഇന്നിംഗ്സുകളിലായി കരുൺ 863 റൺസും നേടിയിരുന്നു.
Content Highlights: Karun Nair feels he is closer to Indian test team