
ഐപിഎൽ പതിനെട്ടാം സീസൺ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുളളത്. ഇപ്പോഴിതാ ഐപിഎല്ലിലെ പ്രധാന രണ്ട് ഫ്രാഞ്ചൈസികളായ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള പ്രധാന വ്യത്യാസത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇരുടീമുകൾക്കും വേണ്ടി കളിച്ചിരുന്ന ഷദാബ് ജകാതി.
ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം ഐപിഎല്‍ കിരീടനേട്ടത്തില്‍ പങ്കാളിയായിട്ടുള്ള ജകാതി കരിയറിന്‍റെ അവസാന നാളുകളില്‍ ആര്‍സിബിക്കുവേണ്ടിയും കളിച്ചിരുന്നു. ആര്‍സിബിയും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള പ്രധാന വ്യത്യാസം ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒരു കുടുംബം പോലെയാണെന്നതാണെന്ന് ജകാതി പറഞ്ഞു. ക്രിക്കറ്റ് എന്നത് ഒരു ടീം ഗെയിം ആണെന്നും ആർസിബിയിൽ അതില്ലെന്നും ജകാതി പറഞ്ഞു. രണ്ടുമൂന്ന് കളിക്കാര്‍ വിചാരിച്ചാലൊന്നും ക്രിക്കറ്റില്‍ ഒരു ടീമിനും കിരീടം സ്വന്തമാക്കാനാവില്ല. ആർസിബിയിൽ ടീം കേന്ദ്രീകരിക്കപ്പെടുന്നത് രണ്ടോ മൂന്നോ സൂപ്പർ താരങ്ങളിലാണെന്നും ജകാതി പറഞ്ഞു.
ഇരു ടീമുകളുടെയും മാനേജ്മെന്‍റിന്‍റെ സമീപനവും ഡ്രസ്സിംഗ് റൂം സാഹചര്യങ്ങളും വ്യത്യസ്തമാണെന്നും ജകാതി പറഞ്ഞു. ആർസിബിയിൽ ഡ്രസിങ് റൂമിൽ വിവേചനമുണ്ട്, എന്നാൽ ചെന്നൈയിൽ സീനിയർ ജൂനിയർ വ്യത്യാസമില്ലാതെ മികച്ച ബഹുമാനമാണ് മറ്റ് താരങ്ങളിൽ നിന്നും മാനേജ്‌മെന്റിൽ നിന്നും ലഭിക്കുന്നതെന്നും ജകാതി പറഞ്ഞു. അതേ സമയം പതിനേഴ് സീസണുകളിലായി ഐപിഎല്ലില്‍ കളിച്ചിട്ടും ആര്‍സിബിക്ക് ഇതുവരെ കിരീടം നേടാനായിട്ടില്ല. എന്നാൽ രണ്ട് സീസൺ കുറവ് കളിച്ചിട്ടും ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചുകിരീടം നേടാനായിട്ടുണ്ട്.
Content Highlights: Shadab Jakati says csk and rcb differance in ipl