'അറ്റന്‍ഷനാണ് വേണ്ടതെങ്കില്‍ ടിക്ടോക്കര്‍ ആവുന്നതാണ് നല്ലത്'; ബ്രാഡ് ഹോഗിനെതിരെ പാക് പേസര്‍

പാകിസ്താന്റെ ഏകദിന ടീം ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനെ പരിഹസിച്ച് ബ്രാഡ് ഹോഗ് പുറത്തുവിട്ട വീഡിയോ വിവാദമായിരുന്നു

dot image

ഓസ്‌ട്രേലിയയുടെ സ്പിന്‍ ഇതിഹാസം ബ്രാഡ് ഹോഗിനെതിരെ പാകിസ്താന്‍ പേസര്‍ ആമിര്‍ ജമാല്‍ രംഗത്ത്. പാകിസ്താന്റെ ഏകദിന ടീം ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനെ പരിഹസിച്ച് ബ്രാഡ് ഹോഗ് പുറത്തുവിട്ട വീഡിയോ വിവാദമായിരുന്നു. ഇതിന് മറുപടിയായി എക്‌സ് പോസ്റ്റിലൂടെയാണ് ആമിര്‍ ജമാല്‍ പ്രതികരിച്ചത്.

ബ്രാഡ് ഹോഗ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പാക് ക്യാപ്റ്റനെ അനുകരിക്കുന്ന ഒരാളെ ഹോഗ് അഭിമുഖം ചെയ്യുകയും തുടര്‍ന്ന് റിസ്വാന്റെ ഇംഗ്ലീഷിലുള്ള സംസാരത്തെ കളിയാക്കുകയുമാണ് ചെയ്യുന്നത്. വീഡിയോയില്‍ റിസ്വാനെ അനുകരിക്കുന്നയാളോട് വിരാട് കോഹ്‌ലിയെ കുറിച്ച് സംസാരിക്കാന്‍ പറയുകയും ആളുടെ മറുപടി കേട്ട് ഹോഗ് ചിരിക്കുന്നതും കാണാം.

'ഞാനും വിരാടും ഒരുപോലെയാണ്. അവന്‍ വെള്ളം കുടിക്കുന്നു. ഞാന്‍ വെള്ളം കുടിക്കുന്നു. അവന്‍ ഭക്ഷണം കഴിക്കുന്നു. ഞാന്‍ ഭക്ഷണം കഴിക്കുന്നു. ഞങ്ങള്‍ രണ്ടുപേരും ഒരുപോലെയാണ്. ഒരു വ്യത്യാസവുമില്ല', റിസ്വാനെ അനുകരിക്കുന്നയാള്‍ പറഞ്ഞു. പിന്നാല ഹോഗും അയാളും ഒരുമിച്ച് ചിരിക്കുന്നതും വീഡിയോയിലുണ്ട്.

ഹോഗിന്റെ അധിക്ഷേപ വീഡിയോയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് ആമിര്‍ ജമാല്‍ രംഗത്തെത്തിയത്. 'ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയയിലും പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ഞാന്‍ കണ്ടു. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബ്രാഡ് ഹോഗ് റിസ്വാനെ കളിയാക്കിയത് വളരെ ലജ്ജാകരമാണ്. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിന്റെ പേരില്‍ ഒരാളെ കളിയാക്കുന്നത് ശരിയല്ല. ഇംഗ്ലീഷ് റിസ്വാന്റെ മൂന്നാം ഭാഷ പോലുമല്ല. മറ്റുള്ളവരെ കളിയാക്കിക്കൊണ്ട് ഫോളോവേഴ്‌സും അറ്റന്‍ഷനുമാണ് വേണ്ടതെങ്കില്‍ ക്രിക്കറ്റര്‍ ആകുന്നതിന് പകരം നിങ്ങള്‍ക്ക് ടിക്ക്‌ടോക്കര്‍ ആവുന്നതായിരിക്കും നല്ലത്', ജമാല്‍ എക്‌സില്‍ കുറിച്ചു.

അതേസമയം 2025ല്‍ സ്വന്തം മണ്ണില്‍ നടന്ന ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ പാകിസ്താന്‍ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താക്കപ്പെട്ടതിന് പിന്നാലെ റിസ്വാനും സംഘവും വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കുള്ള പാക് ടീമില്‍ നിന്ന് മുഹമ്മദ് റിസ്വാനെ അടുത്തിടെ ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും മാര്‍ച്ച് 29 ന് നേപ്പിയറില്‍ ആരംഭിക്കുന്ന കിവീസിനെതിരായ ഏകദിന പരമ്പരയില്‍ റിസ്വാന്‍ പാക് ടീമിനെ നയിക്കും.

Content Highlights: ‘Become TikToker because you need attention’: Aamir Jamal slams Brad Hogg for mocking ohammad Rizwan's English

dot image
To advertise here,contact us
dot image