' 60 കോടി നൽകേണ്ട'; ചഹൽ-ധനശ്രീ വിവാഹമോചന കേസ് IPL ന് മുമ്പ് തീർപ്പാക്കാൻ ഉത്തരവിട്ട് കോടതി

ചഹൽ ധനശ്രീക്ക് ജീവനാംശമായി നൽകുന്ന തുകയുടെ വിവരവും പുറത്തുവന്നു

dot image

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലിന്റേയും ധനശ്രീ വർമയുടേയും വിവാഹമോചനക്കേസില്‍ ഇടപെട്ട് ബോംബെ ഹൈക്കോടതി. നടപടികള്‍ വേഗത്തിലാക്കാൻ കോടതി ഉത്തരവിട്ടു. വിവാഹമോചനം അനുവദിക്കുമ്പോഴുള്ള ആറു മാസത്തെ കാലതാമസം ഒഴിവാക്കണമെന്നും കോടതി നിർദേശം നൽകി. മാർച്ച് 20ന് വിവാഹമോചനക്കേസിൽ തീരുമാനമെടുക്കണമെന്നാണ് ബോംബെ ഹൈക്കോടതി കുടുംബ കോടതിക്ക് നൽകിയ നിർദേശം. മാർച്ച് 22 മുതൽ ചെഹലിന് ഐപിഎൽ കളിക്കേണ്ടതിനാലാണ് നടപടികൾ നേരത്തേയാക്കുന്നതെന്നാണ് സൂചന.

നേരത്തെ ആറു മാസത്തെ കാലയളവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചഹലും ധനശ്രീയും കോടതിയെ സമീപിച്ചിരുന്നെങ്കിലും കുടുംബ കോടതി ഈ ആവശ്യം തള്ളിയിരുന്നു. 2020 ഡിസംബറിലായിരുന്നു ചഹലും ധനശ്രീയും വിവാഹിതരായത്. 2022 ജൂൺ മുതൽ ഇരുവരും പിരിഞ്ഞുകഴിയുകയായിരുന്നു.

സെക്ഷൻ 13 ബി (2) പ്രകാരം വിവാഹമോചനക്കേസുകൾ ഫയൽ ചെയ്ത് ആറു മാസത്തിനു ശേഷമാണു പരിഗണിക്കുക. ബന്ധം ഒരുമിക്കുന്നതിനുള്ള സാധ്യതകൾ കൂടി പരിഗണിച്ചാണ് ഇങ്ങനെയൊരു നടപടി. എന്നാൽ ചഹലും ധനശ്രീയും രണ്ടു വർഷത്തിലേറെയായി വേർപിരിഞ്ഞു ജീവിക്കുന്നതിനാല്‍ ഈ രീതിക്ക് ഇളവു നൽകാമെന്ന നിലപാടാണ് ബോംബെ ഹൈക്കോടതി സ്വീകരിച്ചത്.

അതേസമയം ചഹൽ ധനശ്രീക്ക് ജീവനാംശമായി നൽകുന്ന തുകയുടെ വിവരവും പുറത്തുവന്നു. 4.75 കോടി രൂപ ധനശ്രീക്കു നൽകാമെന്നാണ് ചഹൽ അറിയിച്ചിരിക്കുന്നത്. ചഹൽ 60 കോടിയോളം രൂപ ധനശ്രീക്കു നല്‍കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ധനശ്രീയുടെ കുടുംബം ഇത്തരം വിവരങ്ങൾ‌ വ്യാജമെന്ന് പിന്നീട് പ്രതികരിച്ചു.

Content Highlights: Chahal complied with divorce consent terms

dot image
To advertise here,contact us
dot image