
ഇന്ത്യയുടെ ലോകകപ്പ് ജേതാവായ ഇതിഹാസം കപിൽ ദേവിനൊപ്പം തെരുവിൽ ക്രിക്കറ്റ് കളിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ. ബുധനാഴ്ച ന്യൂഡൽഹിയിലെ തെരുവിൽ ക്രിക്ക്റ്റ് കളിക്കുമ്പോൾ കിവി പ്രധാനമന്ത്രിക്കൊപ്പം കിവി താരങ്ങളായ റോസ് ടെയ്‌ലർ, അജാസ് പട്ടേൽ എന്നിവരുമുണ്ടായിരുന്നു. ലക്‌സൺ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കിട്ട ഒരു വീഡിയോയിൽ അദ്ദേഹം കുട്ടികളുടെ പന്തുകൾ നേരിടുന്നതും കപിൽ ദേവിനൊപ്പം വിക്കറ്റുകൾക്കിടയിൽ ഓടുന്നതും കാണാമായിരുന്നു. മറ്റൊരു പന്തിൽ അജാസ് പട്ടേലിനെ മികച്ച ഒരു ക്യാച്ചിൽ പ്രധാനമന്ത്രി പുറത്താക്കുന്നതും കാണാം.
നയതന്ത്ര ആവശ്യങ്ങൾക്കായി പ്രധാന മന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കാൻ എത്തിയതായിരുന്നു ലക്‌സൺ. തലസ്ഥാനത്ത് നടന്ന ഒരു പത്രസമ്മേളനത്തിൽ 2025 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയോട് ന്യൂസിലാൻഡ് തോറ്റത് പരാമർശിക്കാത്തതിന് പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി ലക്‌സൺ തമാശയായി പറഞ്ഞു. ഇതിന് നന്ദിയായി ഞങ്ങൾ ഇന്ത്യയ്‌ക്കെതിരെ നേടിയ ടെസ്റ്റ് പരമ്പര വിജയങ്ങളെക്കുറിച്ച് ഞാനും പരാമർശിച്ചിട്ടില്ലെന്നും ലക്‌സൺ കൂട്ടിച്ചേർത്തു. ഇത് നല്ല ഒരു നയതന്ത്ര വിജയമായിരുന്നവുമെന്ന് തമാശ രൂപേണ മോദി മറുപടി പറയുകയും ചെയ്തു.
Content Highlights: New Zealand Prime Minister Plays Street Cricket With Kapil Dev In India