
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടെ ഐപിഎല്‍ മത്സരങ്ങളില്‍ ക്രിക്കറ്റ് പന്തുകളില്‍ തുപ്പല്‍ തേക്കുന്നത് നിരോധിച്ചുള്ള നടപടി പുനഃപരിശോധിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തീരുമാനം ബിസിസിഐ ഫ്രാഞ്ചൈസികളുടെ ക്യാപ്റ്റന്മാര്‍ക്ക് വിട്ടുനല്‍കിയെന്നുമാണ് സൂചനകള്‍.
സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി പത്ത് ഫ്രാഞ്ചൈസികളുടെയും ക്യാപ്റ്റന്മാര്‍ മാര്‍ച്ച് 20ന് മുംബൈയില്‍ ഒത്തുചേരുമെന്നാണ് റിപ്പോര്‍ട്ട്. ഈ കൂടിക്കാഴ്ചയില്‍ പന്തില്‍ തുപ്പല്‍ തേക്കുന്നത് വിലക്കിയ നടപടി ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.
എന്താണ് ഐപിഎല്ലിലെ സലൈവ ബാന്‍?
പന്തിന്റെ തിളക്കം നിലനിര്‍ത്തി സ്വിങ് ലഭിക്കുന്നതിനായി തുപ്പലോ വിയര്‍പ്പോ പന്തിന്റെ ഒരു ഭാഗത്ത് തേച്ചുപിടിപ്പിക്കുന്ന പതിവ് ക്രിക്കറ്റിലുണ്ടായിരുന്നു. കൊവിഡ് മഹാമാരിക്ക് പിന്നാലെ പന്തില്‍ തുപ്പല്‍ തേക്കുന്നത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നിരോധിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ വന്ന വിലക്ക് പിന്നാലെ ഐപിഎല്ലിനും ബാധകമാവുകയായിരുന്നു. കൊവിഡ് ഭീതി ഒഴിഞ്ഞെങ്കിലും വിലക്ക് നീക്കാന്‍ ഐസിസിയോ ബിസിസിഐയോ തയ്യാറായിരുന്നില്ല.
എന്നാല്‍ ഈ വിലക്ക് റിവേഴ്‌സ് സ്വിങ് സൃഷ്ടിക്കാനുള്ള ബോളര്‍മാരുടെ കഴിവിനെ ബാധിക്കുന്നു എന്ന് പല താരങ്ങളും പരാതി ഉന്നയിച്ചിരുന്നു. കൊവിഡ് 19 അപകടസാധ്യതകള്‍ ഇപ്പോള്‍ കുറവായതിനാല്‍ പന്തില്‍ തുപ്പല്‍ തേക്കാന്‍ അനുവദിക്കണമെന്ന് മുഹമ്മദ് ഷമി ഉള്‍പ്പെടെയുള്ള നിരവധി കളിക്കാര്‍ അടുത്തിടെ വാദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിലക്കിനെ കുറിച്ച് ബിസിസിഐ പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നത്. ഇംപാക്റ്റ് പ്ലെയര്‍ നിയമങ്ങള്‍, ഇന്നിംഗ്സ് ടൈമറുകള്‍, പെരുമാറ്റച്ചട്ടം ചട്ടങ്ങള്‍ എന്നിവയുള്‍പ്പെടെ മറ്റ് നിര്‍ണായക കളി കാര്യങ്ങള്‍ ക്യാപ്റ്റന്മാരുടെ മീറ്റിങ്ങില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
Content Highlights: IPL 2025: BCCI contemplates lifting saliva ban, captains to weigh in