പാക് ടീം ഫീൽഡിങിൽ മോശമാണെന്ന് ആരുപറഞ്ഞു?; സ്റ്റണ്ണർ ക്യാചേഴ്‌സിന്റെ ടീമിനെ ഞെട്ടിച്ച റൗഫിന്റെ 'വണ്ടർ ക്യാച്ച്'

മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെയാണ് ഈ മിന്നും ക്യാച്ച് സംഭവിച്ചത്

dot image

വണ്ടർ ക്യാച്ചുകൾക്കും മിന്നും ഫീൽഡുകൾക്കും പേരുകേട്ട ടീമാണ് ന്യൂസിലാൻഡ് ടീം. ഗ്ലെൻ ഫിലിപ്സും കെയ്ൻ വില്യംസണും ചാംപ്യൻസ് ട്രോഫിയിൽ നമ്മെ ഞെട്ടിച്ചത് കണ്ടതാണ്. ഇപ്പോഴിതാ ലോക ക്രിക്കറ്റിലെ മിന്നും ഫീൽഡർമാരുടെ പടയായ ന്യൂസിലാൻഡിനെ ഞെട്ടിച്ചിരിക്കയാണ് പാകിസ്താന്റെ ഹാരിസ് റൗഫ്. ഫീൽഡിങ് പിഴവിന് ഏറ്റവും പഴികേട്ട ടീം കൂടിയാണ് പാകിസ്താൻ എന്നും ശ്രദ്ധേയമാണ്.

അതേ സമയം മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെയാണ് ഈ മിന്നും ക്യാച്ച് സംഭവിച്ചത്. ഷഹീന്‍ അഫ്രീദിയുടെ അഞ്ചാം പന്തില്‍ ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഫിന്‍ അലനെ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ പറന്നു പിടിച്ചാണ് ഹാരിസ് റൗഫ് അമ്പരപ്പിച്ചത്. അഫ്രീദിയുടെ ഇന്‍സ്വിംഗര്‍ ഫിന്‍ അലന്‍ ഫൈന്‍ ലെഗ്ഗിലേക്ക് അടിച്ചെങ്കിലും ഞൊടിയിടയിൽ പറന്നുവീണ ഹാരിസ് റൗഫ് ഒറ്റക്കൈയില്‍ ക്യാച്ച് കൈയിലൊതുക്കുകയായിരുന്നു. മൂന്ന് പന്ത് നേരിട്ട ഫിന്‍ അലന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. മത്സരത്തില്‍ നാലോവറില്‍ 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഹാരിസ് റൗഫ് ബോൾ കൊണ്ടും തിളങ്ങി.

മത്സരത്തിൽ ന്യൂസിലാന്‍ഡിനെതിരെ പാകിസ്താൻ ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പൻ ജയം നേടി. ഓപ്പണര്‍ ഹസന്‍നവാസിന്‍റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിലായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

45 പന്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്ന ഹസന്‍ നവാസും 31 പന്തില്‍ 51 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും 20 പന്തിൽ 41 റൺസ് നേടിയ മുഹമ്മദ് ഹാരിസും പാക് വിജയം അനായാസമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് മാര്‍ക്ക് ചാപ്മാന്‍റെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് 204 റണ്‍സെടുത്തത്. 44 പന്തില്‍ 94 റണ്‍സടിച്ച ചാപ്‌മാനാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ ടി 20 പരമ്പര 2-1 എന്ന നിലയിലെത്തി. ആദ്യ രണ്ട് മത്സരം ന്യൂസിലാൻഡ് ജയിച്ചിരുന്നു.

Content Highlights: Watch: Haris Rauf Takes Absolute Blinder In Field,

dot image
To advertise here,contact us
dot image