
ഐപിഎൽ 2024 ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ ഇന്ന് പുതിയ സീസൺ ആരംഭിക്കും. കഴിഞ്ഞ സീസണിൽ മൂന്നാം ഐപിഎൽ കിരീടം നേടിയ കെകെആർ മെഗാ ലേലത്തിൽ വിജയിച്ച ടീമിന്റെ ഭൂരിഭാഗം പേരെയും നിലനിർത്തിയിട്ടുണ്ട്. ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിലേക്കെത്തിയപ്പോൾ ഇന്ത്യയുടെ വെറ്ററൻ ബാറ്റർ അജിങ്ക്യാ രഹാനെയാണ് കെകെആറിനെ നയിക്കുന്നത്.
ഇപ്പോഴിതാ കെകെആറിന്റെ പുതിയ ക്യാപ്റ്റനായി നിയമിതനായ രഹാനെയ്ക്ക് ഹൃദയ സ്പർശിയായ സന്ദേശവുമായി എത്തിയിരിക്കുകയാണ് ഫ്രാഞ്ചൈസി ഉടമയായ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ. ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ 18 വർഷമായി ഫ്രാഞ്ചൈസിക്കൊപ്പമുള്ള ബോളിവുഡ് സൂപ്പർസ്റ്റാർ ഡ്രസ്സിംഗ് റൂമിൽ ടീമിനെയും സ്റ്റാഫ് അംഗങ്ങളെയും അഭിസംബോധന ചെയ്യുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യേക്ഷപ്പെട്ടു.
എന്ത് തന്നെ സംഭവിച്ചാലും ആരോഗ്യവാനായിരിക്കുക, സന്തോഷവാനായിരിക്കുക, തോൽവികളെ തത്കാലം ഭയക്കേണ്ടതില്ല, മറ്റൊരു കിരീട യാത്രയിലേക്ക് ഒരുമിച്ച് മുന്നേറാം, ഷാരൂഖ് ഖാൻ പറഞ്ഞു. അതേ സമയം ഇന്നത്തെ താരനിബിഢമായ ഉദ്ഘാടന ചടങ്ങിൽ ഷാരൂഖ് ഖാനും പങ്കെടുക്കുന്നുണ്ട്.
Content Highlights: shah rukh khan on kkr team in ipl