'പൈലറ്റില്ലാതെ നിങ്ങളെന്തിനാണ് ആളുകളെ കേറ്റുന്നത്?'; എയർ ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച് വാർണർ, ഒടുവില്‍ മറുപടി

വാർണറുടെ പോസ്റ്റ് വൈറലായതോടെ ഒടുവിൽ മറുപടിയുമായി എയർ‌ ഇന്ത്യ രം​ഗത്തെത്തുകയും ചെയ്തു.

dot image

എയർ ഇന്ത്യയ്ക്കെതിരെ വിമർശനം ഉന്നയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. വാർണർ ഒരു വിമാനത്തിൽ കയറിയതിനു ശേഷം പൈലറ്റിനായി ദീർഘനേരം കാത്തിരിക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം എയർലൈൻസിനെതിരായ നിരാശ സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിച്ചത്.

"പൈലറ്റുമാരില്ലാത്ത ഒരു വിമാനത്തിലാണ് ഞങ്ങൾ കയറിയത്. മണിക്കൂറുകളോളം വിമാനത്തിൽ കാത്തുനിൽക്കേണ്ടി വരികയും ചെയ്തു. പൈലറ്റുമാരില്ലെന്ന് അറിഞ്ഞുകൊണ്ട് നിങ്ങൾ എന്തിനാണ് യാത്രക്കാരെ കയറ്റുന്നത്?", എന്നാണ് വാർണർ എക്സിൽ കുറിച്ചത്.

വാർണറുടെ പോസ്റ്റ് വൈറലായതോടെ ഒടുവിൽ മറുപടിയുമായി എയർ‌ ഇന്ത്യ രം​ഗത്തെത്തുകയും ചെയ്തു. ബെംഗളൂരുവിലെ മോശം കാലാവസ്ഥയാണ് വിമാന സർവീസുകൾ വൈകാൻ കാരണമെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. വാർണറുടെ വിമാനത്തിൽ നിയോഗിക്കപ്പെട്ട ജീവനക്കാർ മറ്റൊരു ജോലിയിൽ ഏർപ്പെട്ടിരുന്നതിനാൽ വിമാനം വൈകുന്ന സാഹചര്യമുണ്ടായെന്നും ഇത് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുവെന്നും എയർലൈൻ വിശദീകരിച്ചു. വാർണറും മറ്റ് യാത്രക്കാരും നേരിട്ട ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

“പ്രിയപ്പെട്ട വാർണർ, ബെംഗളൂരുവിലെ ഇന്നത്തെ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥ എല്ലാ എയർലൈനുകളിലും വിമാന സർവീസുകൾ തടസ്സപ്പെടാനും കാലതാമസം വരുത്താനും കാരണമായി. നിങ്ങളുടെ വിമാനം ഓടിക്കുന്ന ജീവനക്കാർക്ക് ഈ തടസ്സങ്ങൾ മൂലം നേരത്തെയുള്ള ഒരു അസൈൻമെന്റിൽ തടസ്സം നേരിട്ടു, ഇത് പുറപ്പെടൽ വൈകാൻ കാരണമായി. നിങ്ങളുടെ കാത്തിരിപ്പിനെ ഞങ്ങൾ അഭിനന്ദിക്കുന്നു, യാത്ര ചെയ്യാൻ ഞങ്ങളെ തിരഞ്ഞെടുത്തതിന് നന്ദി”, എന്നാണ് വാർണറുടെ പോസ്റ്റിന് മറുപടിയായി എയർ ഇന്ത്യ എഴുതിയത്.

Content Highlights: "No Pilots For Flight": David Warner Blasts Air India

dot image
To advertise here,contact us
dot image