ഒടുവിൽ കോഹ്‌ലിയും 'ബേസിൽ യൂണിവേഴ്‌സി'ലേക്ക്? IPL ഉദ്ഘാടന ചടങ്ങിൽ വിരാടിനെ അവഗണിച്ച് റിങ്കു സിങ്, വീഡിയോ

ഷാരൂഖ് ഖാന് കൈകൊടുത്ത് നടന്നു നീങ്ങിയ റിങ്കു കോഹ്‍ലിയെ അവഗണിച്ച് കടന്നുപോയെന്നാണ് ആരോപണം.

dot image

ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ 18-ാം പതിപ്പിന് കഴിഞ്ഞ ദിവസമാണ് കൊല്‍ക്കത്തയില്‍ തുടക്കമായത്. ശനിയാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് പുതിയ സീസണ് വര്‍ണാഭമായ തുടക്കം ലഭിച്ചത്. അരമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വന്‍ താരനിര അണിനിരക്കുകയും ചെയ്തിരുന്നു.

പ്രശസ്ത ഗായിക ശ്രേയ ഘോഷാല്‍ ഉജ്വല ഗാനവിരുന്നുമായി എത്തിയപ്പോള്‍ ബോളിവുഡ് നടി ദിഷ പഠാണി കിടിലന്‍ ഡാന്‍സുമായും ഞെട്ടിച്ചു. ശേഷം ബോളിവുഡ് സൂപ്പര്‍താരവും കൊല്‍ക്കത്ത ടീം ഉടമയുമായ ഷാരൂഖ് ഖാന്‍ വേദിയിലെത്തുകയും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്ലി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സൂപ്പര്‍ താരം റിങ്കു സിങ് എന്നിവരുമായി നൃത്തം വെക്കുകയും ചെയ്തു.

ഐപിഎല്ലിന്റെ ആവേശത്തുടക്കത്തിന് പിന്നാലെ ചർച്ചയായിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സിന്റെ സൂപ്പർ‌ താരമായ വിരാട് കോഹ്‍ലിക്ക് കൈകൊടുക്കാൻ വിട്ടുപോയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങ്ങിൻ്റെ മറവി. ഉദ്ഘാടന ചടങ്ങിലെ സംഗീതനിശക്ക് ശേഷം ഷാരൂഖ് ഖാൻ ഇതിഹാസതാരം വിരാട് കോഹ്‍ലിയും യുവതാരം റിങ്കു സിങ്ങിനേയും വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ആദ്യം കോഹ്‍ലിയേയാണ് ഷാരൂഖ് വേദിയിലേക്ക് ക്ഷണിച്ചത്. പിന്നീട് റിങ്കുവിനേയും വിളിച്ചു. എന്നാൽ ഷാരൂഖ് ഖാന് കൈകൊടുത്ത് നടന്നു നീങ്ങിയ റിങ്കു കോഹ്‍ലിയെ അവഗണിച്ച് കടന്നുപോയെന്നാണ് ആരോപണം.

ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലായതോടെ താരത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. അതേസമയം മോളിവുഡ് നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ പ്രശസ്തമായ 'കൈകൊടുക്കൽ യൂണിവേഴ്സി'ലെത്തിയിരിക്കുകയാണ് കോഹ്ലിയെന്നും ആരാധകർ പറയുന്നുണ്ട്. ടൊവിനോ തോമസും ബേസിൽ ജോസഫും തുടങ്ങിവെച്ച 'കൈ കൊടുക്കൽ' ട്രെൻഡ് ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ വളരെ ട്രെൻഡിങ്ങായിരുന്നു.

കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനൽ വേദിയില്‍ ബേസിൽ കൈ കൊടുക്കാൻ പോയതും അമളി പറ്റിയതും തുടർന്ന് ആ പോസ്റ്റിന് ടൊവിനോ കമന്റുമായി എത്തിയതും ചിരിപടർത്തിയിരുന്നു. കാലിക്കറ്റ് എഫ്സി - ഫോഴ്‌സ കൊച്ചി മത്സരം കാണുന്നതിന് ഫോഴ്‌സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജും കാലിക്കറ്റ് എഫ്‌സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും എത്തിയിരുന്നു.

സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് ആ താരം മടങ്ങി. സഞ്ജു സാംസൺ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ അത് സോഷ്യൽ മീഡിയയ്ക്ക് ആഘോഷമായി മാറുകയായിരുന്നു. തുടർന്ന് സുരാജ് വെഞ്ഞാറമൂട്, മമ്മൂട്ടി തുടങ്ങി മന്ത്രിമാര്‍ വരെ ഈ 'കൈകൊടുക്കൽ-കിട്ടാതിരിക്കല്‍' ട്രെൻഡിൽ പെട്ടുപോയിരുന്നു.

Content Highlights: KKR vs RCB: Rinku Singh Ignores Virat Kohli's Handshake During IPL 2025 Opening Ceremony, Internet Reacts

dot image
To advertise here,contact us
dot image