
ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഗുരുതരവസ്ഥയിലായിരുന്ന ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റൻ തമീം ഇഖ്ബാൽ അപകടനില തരണം ചെയ്തു. താരം കുടുംബവുമായി സംസാരിച്ചു. തമീമിന് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു. നേരത്തെ കടുത്ത ഹൃദയ ഘാതത്തെ തുടർന്ന് താരം അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
ഇന്നലെധാക്ക പ്രീമിയര്‍ ലീഗിൽ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബും ഷൈന്‍പുകുര്‍ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് താരത്തിന് ഹൃദയാഘാതം സംഭവിച്ചത്. 35കാരനായ ഓപണര്‍ക്ക് മൈതാനത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് അടിയന്തര വൈദ്യസഹായം നല്‍കുകയുമായിരുന്നു.
ധാക്കയിലേക്ക് കൊണ്ടുപോകാനായി ഹെലികോപ്റ്ററിന് ശ്രമിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ഫാസിലതുനൈസ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ വര്‍ഷം ആദ്യമാണ് തമീം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് ദേശീയ ടീമിനായി 70 ടെസ്റ്റുകളും 243 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് തമീം ഇഖ്ബാല്‍.
Content Highlights: Former Bangladesh captain Tamim Iqbal recovering well after heart attack during match