IPL 2025: 'ഡല്‍ഹിക്കെതിരെ ഭാഗ്യം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നില്ല'; പരാജയത്തിന് പിന്നാലെ റിഷഭ് പന്ത്

അവസാന ഓവറില്‍ മോഹിത് ശര്‍മ്മയുടെ സ്റ്റംപിംഗ് നഷ്ടപ്പെടുത്തിയ നിര്‍ണായക നിമിഷത്തെക്കുറിച്ചും പന്ത് സംസാരിച്ചു

dot image

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ഭാഗ്യം തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നില്ലെന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ റിഷഭ് പന്ത്. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിന്റെ ആവേശവിജയമാണ് ഡല്‍ഹി പിടിച്ചെടുത്തത്. ലഖ്‌നൗ ഉയര്‍ത്തിയ വിജയലക്ഷ്യം 19.3 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടക്കുകയായിരുന്നു.

ഡല്‍ഹിക്കെതിരെ ഒരു ഘട്ടത്തില്‍ കൈയിലിരുന്ന മത്സരമാണ് റിഷഭ് പന്തും സംഘവും കൈവിട്ടത്. തോല്‍വി മുന്നില്‍ കണ്ട ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍പ്പന്‍ ഇന്നിങ്സ് കളിച്ച് അശുതോഷ് ശര്‍മ, അവിശ്വസനീയമായ വിധം വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മൂന്ന് പന്തുകള്‍ ശേഷിക്കെയാണ് ഡല്‍ഹി ഒറ്റ വിക്കറ്റിന്റെ വിജയം പിടിച്ചെടുത്തത്.

ഇപ്പോള്‍ തന്റെ മുന്‍ ടീമിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ പരാജയം വഴങ്ങേണ്ടി വന്നതില്‍ പ്രതികരിക്കുകയാണ് ലഖ്‌നൗ ക്യാപ്റ്റന്‍ റിഷഭ് പന്ത്. 'ഞങ്ങളുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ വളരെ നന്നായി കളിച്ചു. ഈ വിക്കറ്റില്‍ ഇത് വളരെ നല്ല സ്‌കോറാണെന്ന് ഞാന്‍ കരുതുന്നു. ഒരു ടീം എന്ന നിലയില്‍ ഓരോ മത്സരത്തില്‍ നിന്നും പോസിറ്റീവുകള്‍ എടുക്കാനും അതില്‍ നിന്ന് പഠിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു', മത്സരശേഷം പന്ത് പറഞ്ഞു.

'തുടക്കത്തില്‍ തന്നെ ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ ലഭിച്ചിരുന്നു. പക്ഷേ അത് ബാറ്റ് ചെയ്യാന്‍ നല്ല വിക്കറ്റാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അവര്‍ക്ക് രണ്ട് മികച്ച കൂട്ടുകെട്ടുകള്‍ ലഭിച്ചു. അത് മത്സരത്തെ ഞങ്ങളുടെ കൈകളില്‍ നിന്ന് വിട്ടുകളഞ്ഞു', പന്ത് സമ്മതിച്ചു.

അവസാന ഓവറില്‍ മോഹിത് ശര്‍മ്മയുടെ സ്റ്റംപിംഗ് നഷ്ടപ്പെടുത്തിയ നിര്‍ണായക നിമിഷത്തെക്കുറിച്ചും പന്ത് സംസാരിച്ചു. 'തീര്‍ച്ചയായും ഈ മത്സരത്തില്‍ ഭാഗ്യത്തിന് നിര്‍ണായക പങ്കുണ്ട്. ഒരുപക്ഷേ പന്ത് മോഹിത് ശര്‍മയുടെ പാഡുകള്‍ക്ക് കൊണ്ടില്ലായിരുന്നുവെങ്കില്‍ സ്റ്റംപിങ്ങിനുള്ള അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ ക്രിക്കറ്റില്‍ ഇങ്ങനെയെല്ലാം സംഭവിക്കാം. ഇതിനെ മാത്രം ശ്രദ്ധിച്ച് ഇരിക്കുന്നതിന് പകരം മികച്ച ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്', പന്ത് കൂട്ടിച്ചേര്‍ത്തു.

Content highlights: “These Things Happen” Rishabh Pant Reflects on Missed Stumping and DC’s Dramatic Win Over LSG

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us