
പാകിസ്താനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീമിനെ മൈക്കൽ ബ്രേസ്‌വെൽ നയിക്കും. അടുത്തിടെ പാകിസ്താനെതിരെ സമാപിച്ച ടി 20 പരമ്പരയുടെ ക്യാപ്റ്റനായിരുന്നു ബ്രേസ്‌വെൽ. പരമ്പരയിൽ 4 -1 ന് കിവികൾ വൻ വിജയം നേടിയിരുന്നു.
അതേ സമയം വലതുകൈയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലേതമിനെ ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കിയതായി ന്യൂസിലൻഡ് ക്രിക്കറ്റ് അറിയിച്ചു. ലേതമിന് പകരം ഹെൻറി നിക്കോൾസ് ടീമിൽ ഉണ്ടാകുമെന്ന് ഹെഡ് കോച്ച് ഗാരി സ്റ്റെഡ് സ്ഥിരീകരിച്ചു. ലേതമിന് പകരം മിച്ച് ഹേ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് ഏറ്റെടുക്കും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നിക്കോൾസ് ടീമിലേക്ക് തിരിച്ചുവരുന്നത്.
78 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള നിക്കോൾസിന് കഴിഞ്ഞ നവംബറിൽ സംഭവിച്ച പരിക്കുമൂലം ഈ സീസണിന്റെ ഭൂരിഭാഗവും നഷ്ടമായിരുന്നു. എന്നാൽ പിന്നീട് ആഭ്യന്തര ക്രിക്കറ്റിലൂടെ വൻതിരിച്ചുവരവ് നടത്തി. അതേ സമയം ആദ്യ കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കുന്നതിനാൽ പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങൾക്കുള്ള ഏകദിന ടീമിൽ നിന്ന് ഓപ്പണർ വിൽ യങ്ങിനെ ഒഴിവാക്കുമെന്നും സെലക്ടർമാർ സ്ഥിരീകരിച്ചു. ഈ വരുന്ന മാർച്ച് 29 മുതലാണ് പാകിസ്താൻ-ന്യൂസിലാൻഡ് ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയതാണ് പരമ്പര.
Content Highlights: Bracewell to lead New Zealand in ODI series against Pakistan; Latham out due to injury