
ട്വന്റി 20 ക്രിക്കറ്റിലെ മികച്ച താരത്തെ തിരഞ്ഞെടുത്ത് ഇന്ത്യൻ മുൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്. ഇന്ത്യൻ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്‍ലി, ഓസ്ട്രേലിയൻ വെടിക്കെട്ട് ഓപണർ എന്നിവരുടെ പേരുകൾ ഒഴിവാക്കി നിക്കോളാസ് പുരാനെയാണ് മികച്ച ട്വന്റി 20 താരമായി ഹർഭജൻ പറഞ്ഞിരിക്കുന്നത്. ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് - സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിന് പിന്നാലെയാണ് ഇന്ത്യൻ മുൻ ഓഫ് സ്പിന്നറുടെ പ്രതികരണം.
ഇപ്പോൾ ടി20 ക്രിക്കറ്റിലെ മികച്ച താരം, അത് നിക്കോളാസ് പുരാനാണ്, ഹർഭജൻ സിങ് സമൂഹമാധ്യമായ എക്സിൽ കുറിച്ചു. ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്താൻ ലഖ്നൗ സൂപ്പർ ജയന്റ്സിനെ സഹായിച്ചത് നിക്കോളാസ് പുരാന്റെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു. 26 പന്തുകൾ നേരിട്ട പൂരാൻ 6 ബൗണ്ടറികളും 6 സിക്സറുകളും സഹിതം 70 റൺസാണ് അടിച്ചെടുത്തത്. 52 റൺസെടുത്ത മിച്ചൽ മാർഷും ലഖ്നൗ വിജയത്തിൽ നിർണായകമായി.
ഐപിഎല്ലില്‍ ആദ്യ ജയമാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് നേടിയത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അഞ്ച് വിക്കറ്റ് ജയമാണ് റിഷഭ് പന്തും സംഘവും സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. 47 റൺസെടുത്ത ട്രാവിസ് ഹെഡാണ് സൺറൈസേഴ്സിന്റെ ടോപ് സ്കോറർ. മറുപടി പറഞ്ഞ ലഖ്നൗ 16.1 ഓവറില്‍ ലക്ഷ്യം മറികടന്നു.
Content Highlights: Currently Nicholas Pooran is the best player of T20 format says Harbhajan Singh