
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ വെടിക്കെട്ട് ബാറ്റിങ്ങിൽ പ്രതികരണവുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് താരം നിക്കോളാസ് പുരാൻ. മികച്ച പ്രകടനത്തിൽ സന്തോഷമുണ്ട്. സിക്സറുകൾ അടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്രീസിലേക്കെത്തിയത്. കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാനും എല്ലാ ബോളിലും റൺസ് കണ്ടെത്താനുമാണ് ശ്രമിച്ചത്. ഹൈദരാബാദിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമായിരുന്നു. വലിയ സ്കോറുകൾ നേടാൻ കഴിയുന്ന ഗ്രൗണ്ട്. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമായില്ലെങ്കിൽ മികച്ച സ്കോറിലേക്കെത്താം. നിക്കോളാസ് പുരാൻ മത്സരശേഷം പ്രതികരിച്ചു.
സ്വന്തം കഴിവിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഐപിഎൽ വലിയൊരു ടൂർണമെന്റാണ്. മിച്ചൽ മാർഷിന്റെ ക്ലാസ് ബാറ്റിങ് ഞാൻ ആസ്വദിച്ചു. ഇടത്-വലത് കോമ്പിനേഷൻ വളരെ പ്രധാനമാണ്. മാർഷിനൊപ്പം വലിയ കൂട്ടുകെട്ട് ഉണ്ടാക്കാൻ കഴിഞ്ഞത് മത്സരത്തിൽ വഴിത്തിരിവായി. പുരാൻ വ്യക്തമാക്കി.
ഐപിഎല്ലില്‍ ആദ്യ ജയമാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് നേടിയത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അഞ്ച് വിക്കറ്റ് ജയമാണ് റിഷഭ് പന്തും സംഘവും സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. 47 റൺസെടുത്ത ട്രാവിസ് ഹെഡാണ് സൺറൈസേഴ്സിന്റെ ടോപ് സ്കോറർ.
മറുപടി പറഞ്ഞ ലഖ്നൗ 16.1 ഓവറില്‍ ലക്ഷ്യം മറികടന്നു. 26 പന്തിൽ ആറ് ഫോറും ആറ് സിക്സറുകളും സഹിതം 70 റൺസ് നേടിയ നിക്കോളാസ് പുരാനാണ് ലഖ്നൗ വിജയം എളുപ്പമാക്കിയത്. 52 റൺസെടുത്ത മിച്ചൽ മാർഷും ലഖ്നൗ വിജയത്തിൽ നിർണായകമായി.
Content Highlights: I don't plan to hit sixes, just time every balls says Nicholas Pooran