
ചെന്നൈ സൂപ്പർ കിങ്സിനെതിരെ നടന്ന മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ ഇന്നിങ്സിലെ മെല്ലെപോക്കിൽ വിമർശനം. സ്പിന്നിനെതിരെ റൺസ് കണ്ടെത്താൻ പാടുപെട്ട താരം 30 പന്തിൽ 31 റൺസാണ് നേടിയത്. ഒരു സിക്‌സും രണ്ട് ഫോറും അടക്കമായിരുന്നു അത്. പവര്‍പ്ലേയില്‍ 15 പന്തില്‍ 11 റണ്‍സ് മാത്രമാണ് കോഹ്‌ലിക്ക് നേടാനായത്.
ഇടയ്ക്ക് പതിരാനയെ തുടർച്ചയായ ഫോറിനും സിക്സറിനും ശിക്ഷിച്ചെങ്കിലും മറ്റ് താരങ്ങൾക്കെതിരെ ആ മികവ് പുലർത്താനായില്ല. കഴിഞ്ഞ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 36 പന്തിൽ പുറത്താകാതെ 59 റൺസ് നേടിയിരുന്നു. അന്ന് മൂന്ന് സിക്‌സറും നാല് ഫോറുകളും താരം നേടിയിരുന്നു.
അതേ സമയം ചെന്നൈ സൂപ്പർ കിങ്സിനെതിരെ ആർസിബി 197 റൺസിന്റെ ടോട്ടൽ ആണ് നേടിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി ക്യാപ്റ്റൻ രജത് പാട്ടീദാർ അർധ സെഞ്ച്വറിയുമായി തിളങ്ങി. മറുപടി ബാറ്റിങ്ങിൽ പക്ഷെ ചെന്നൈ സൂപ്പർ കിങ്‌സ് സ്കോർ കണ്ടെത്താൻ വിയർക്കുകയാണ്. 10 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലാണ് ചെന്നൈ.
Content Highlights: RCB VS CSK IPL match ; Virat Kohli's slow 30-ball 31 knock vs CSK angers internet