
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദ് ഹോം സ്റ്റേഡിയമായ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നിന്നും മത്സരങ്ങൾ ഒഴിവാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ടിക്കറ്റ് നൽകുന്നതിൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് സൺറൈസേഴ്സ് ഹോം സ്റ്റേഡിയം വിടാനൊരുങ്ങുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
'12 വർഷമായി സൺറൈസേഴ്സ് ഉപ്പൽ സ്റ്റേഡിയത്തിൽ കളിക്കുന്നു. എന്നാൽ കഴിഞ്ഞ സീസൺ മുതൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗത്ത് നിന്നും വലിയ ഭീഷണികളാണ് സൺറൈസേഴ്സ് നേരിടുന്നത്.' സൺറൈസേഴ്സ് ടീം ജനറൽ മാനേജർ ശ്രീനാഥ് ടി ബി പറഞ്ഞു.
'വർഷങ്ങളായി സൺറൈസേഴ്സിന്റെ എല്ലാം ഹോം മത്സരങ്ങൾക്കും 50 ടിക്കറ്റുകൾ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് നൽകാറുണ്ട്. ആകെയുള്ള 3,900 ടിക്കറ്റുകളിൽ നിന്നാണ് 50 ടിക്കറ്റുകൾ നൽകുന്നത്. എന്നാൽ ഈ വർഷം മുതൽ പ്രത്യേക ഇരിപ്പിടമുള്ള ബോക്സിൽ 30 ടിക്കറ്റുകളും മറ്റൊരു ബോക്സിൽ 20 ടിക്കറ്റുകളും ലഭ്യമാക്കണമെന്നാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യം. എന്നാൽ ഇങ്ങനെ രണ്ട് ബോക്സുകളിലായി ടിക്കറ്റ് നൽകാൻ നിർവാഹമില്ല. ഇക്കാര്യം സൗഹൃദ സംഭാഷണം നടത്തി പരിഹരിക്കണമെന്നാണ് സൺറൈസേഴ്സ് പറയുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് സൺറൈസേഴ്സ് അധികൃതർ ഹൈദരാബാദ് ക്രിക്കറ്റിന് ഇമെയിലും അയച്ചിട്ടുണ്ട്.' ശ്രീനാഥ് ടി ബി പ്രതികരിച്ചു.
'ഹൈദാരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗത്ത് നിന്നും ഇത്തരം ഭീഷണികൾ തുടരുകയാണെങ്കിൽ സൺറൈസേഴ്സ് ഹോം സ്റ്റേഡിയം വിടുന്നത് ആലോചിക്കും. ഇക്കാര്യം തെലങ്കാന സർക്കാരുമായും ബിസിസിഐയുമായും ചർച്ച ചെയ്യും.' ശ്രീനാഥ് ടി ബി വ്യക്തമാക്കി.
Content Highlights: SRH are mulling moving out of their home venue