
2027 ഏകദിന ലോകകപ്പ് വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തുടരുമെന്ന് സൂചന നൽകി ഇതിഹാസ താരം വിരാട് കോഹ്‍ലി. മുംബൈയിൽ ഒരു പരിപാടിക്കിടെയാണ് കോഹ്‍ലി തന്റെ നിലപാട് വ്യക്തമാക്കിയത്. ഭാവിയിൽ അടുത്തതായി ചെയ്യാൻ ആഗ്രഹിക്കുന്ന വലിയ കാര്യത്തെക്കുറിച്ച് പരിപാടിയുടെ അവതാരക കോഹ്‍ലിയോട് ചോദിച്ചു. അടുത്ത വലിയ നേട്ടത്തെക്കുറിച്ച് എനിക്കറിയില്ലെന്നും ഒരുപക്ഷേ 2027 ഏകദിന ലോകകപ്പ് നേടാനായി ശ്രമിക്കുന്നതാവും തന്റെ അടുത്ത വലിയ ആഗ്രഹമെന്നും കോഹ്‍ലി വ്യക്തമാക്കി.
2011ല്‍ എം എസ് ധോണിയുടെ ടീം ഏകദിന ലോകകപ്പ് നേടിയപ്പോൾ വിരാട് കോഹ്‍ലിയും ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. പിന്നീട് 2015ലും 2019ൽ കോഹ്‍ലി നായകനായപ്പോഴും ഇന്ത്യ സെമി ഫൈനലിൽ പരാജയപ്പെട്ടു. 2023ൽ സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടു. 2027ൽ വീണ്ടുമൊരു ലോകകിരീട നേട്ടം കോഹ്‍ലി ആഗ്രഹിക്കുമ്പോൾ ഇന്ത്യ കാത്തിരിക്കുന്നത് 16 വർഷത്തിന് ശേഷമൊരു ഏകദിന ലോകകപ്പാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സിനായി കോഹ്‍ലി കളിച്ചുകൊണ്ടിരിക്കുകയാണ്. ഐപിഎല്ലിന്റെ 18-ാം പതിപ്പിൽ ആദ്യ കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് വിരാട് കോഹ്‍ലിയും റോയൽ ചലഞ്ചേഴ്സും. ടൂർണമെന്റിൽ ആദ്യ രണ്ട് മത്സരങ്ങളിലും റോയൽ ചലഞ്ചേഴ്സ് വിജയിച്ചിട്ടുണ്ട്.
Content Highlights: Virat Kohli confirms availability for next World Cup