
ഐപിഎല്ലിന്റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്ത് യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയിൽ രംഗത്ത്. ഐ പി എല്ലിലെ ഒരു കാലത്തെ ഏറ്റവും മികച്ച താരമായ കരീബിയൻ ഇതിഹാസത്തിന്റെ ലിസ്റ്റിൽ അഞ്ച് തവണ മുംബൈയെ കിരീടനേട്ടത്തിലേക്കെത്തിച്ച ക്യാപ്റ്റൻ രോഹിത് ശർമയോ ഐ പി എല്ലിലെ ഏറ്റവും മികച്ച ബോളർമാരിലൊരാളായിരുന്ന ലസിത് മലിംഗയോ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയോ ഇല്ല എന്നതാണ് ശ്രദ്ധേയം.
ഗെയിലിന്റെ എക്കാലത്തേയും മികച്ച പ്ലേയിങ് ഇലവനിൽ നായകനാക്കിയിരിക്കുന്നത് ഇതിഹാസതാരം എംഎസ് ധോണിയാണ്. ഈ ലിസ്റ്റിലെ ഓപണേഴ്സായി ഗെയിൽ പരിഗണിക്കുന്നവരിലൊരാൾ താൻ തന്നെയാണ്. തന്നോടൊപ്പം വിരാട് കോഹ്ലിയെയാണ് ക്രിസ് ഗെയ്ല്‍ സഹഓപണറായി തിരഞ്ഞെടുത്തിരിക്കുന്നത്. മുമ്പ് ആർസിബിയിലായിരുന്നപ്പോൾ വിരാട് കോഹ്ലിയും ഗെയ്‌ലും ചേര്‍ന്ന് നിരവധി മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങിയിട്ടുണ്ട്.
ഗെയിലിന്റെ ടീമിലെ മൂന്നാം നമ്പറില്‍ സി എസ് കെയുടെ സുരേഷ് റെയ്‌നയെയാണ് പരിഗണിച്ചത്. സിഎസ്‌കെയ്ക്കായി ഒരു പതിറ്റാണ്ടോളം മൂന്നാം നമ്പറിൽ ഏറ്റവും വലിയ റൺവേട്ടക്കാരനായിരുന്നു റെയ്‌ന. നാലാം നമ്പറില്‍ സൗത്താഫ്രിക്കൻ ഇതിഹാസതാരവും മുൻ ആർസിബി താരവുമായ എബി ഡിവില്ലിയേഴ്‌സിനെയാണ് ഗെയിൽ പരിഗണിച്ചത്. ആര്‍സിബിയിലെ ഒരു കാലത്തെ ത്രിമൂർത്തികളായിരുന്നു വിരാട്- എബിഡി- ഗെയിൽ കൂട്ടുകെട്ട്.
അഞ്ചാം നമ്പറില്‍ സി എസ് കെയുടെ രവീന്ദ്ര ജഡേജയുടെ പേരാണ് ഗെയിലിന്റെ ചോയ്സ്. ഐപിഎല്ലിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലാരാളാണ് ജഡേജ. ആറാം നമ്പറില്‍ നായകനായും വിക്കറ്റ് കീപ്പറായും എംഎസ് ധോണിയെയാണ് ഗെയ്ല്‍ പരിഗണിച്ചത്. ഏഴാം നമ്പറില്‍ സി എസ് കെയുടെ തന്നെ ഓൾറൗണ്ടറായിരുന്ന ഡ്വെയ്ന്‍ ബ്രാവോക്കാണ് സ്ഥാനം. ഐപിഎല്ലിലെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരിലെ മുന്‍നിരക്കാരനാണ് ബ്രാവോ. കൊൽക്കത്തയുടെ ഓപണറും സഹവിൻഡീസ് താരവുമായ സുനില്‍ നരെയ്‌നാണ് എട്ടാം നമ്പറിൽ. സഹസ്പിന്നറായി അടുത്ത പൊസിഷനിൽ യുസ് വേന്ദ്ര ചാഹലാണുള്ളത്. ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറുമാണ് ഗെയിലിന്റെ ടീമിലെ ഫാസ്റ്റ് ബോളേഴ്സ്.
content highlights: Chris gayle's all time ipl team