'തുടക്കത്തിലെ വിക്കറ്റുകൾ നഷ്ടമായാൽ വലിയ സ്കോർ നേടുക ബുദ്ധിമുട്ടാണ്': റിഷഭ് പന്ത്

'മത്സരത്തിൽ ഒരുപാട് പോസിറ്റീവായ കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്'

dot image

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ തോൽവിയിൽ പ്രതികരണവുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്ത്. 'ലഖ്നൗവിന് മികച്ച സ്കോർ നേടാൻ കഴിഞ്ഞില്ല. 20-25 റൺസിന്റെ കുറവാണ് ലഖ്നൗവിനുണ്ടായത്. തുടക്കത്തിലെ വിക്കറ്റുകൾ നഷ്ടമായാൽ വലിയ ടോട്ടലിലേക്ക് എത്താൻ സാധിക്കില്ല. എന്നാൽ ഓരോ മത്സരത്തിലും മുന്നോട്ടുപോകാൻ ലഖ്നൗ താരങ്ങൾ കഠിനമായി ശ്രമിക്കുന്നുണ്ട്. പിച്ച് സ്ലോ ആയിരിക്കുമെന്നാണ് കരുതിയത്. സ്പിന്നർമാരെ പിച്ച് പിന്തുണയ്ക്കുമെന്നും കരുതി. തോൽവിയിൽ നിന്ന് പഠിച്ച് മുന്നോട്ടുപോകും. മത്സരത്തിൽ ഒരുപാട് പോസിറ്റീവായ കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്.' റിഷഭ് പന്ത് മത്സരശേഷം പ്രതികരിച്ചു.

ഐപിഎല്ലിൽ ഇന്നലെ മത്സരത്തിൽ പഞ്ചാബ് കിങ്സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ എട്ട് വിക്കറ്റിനാണ് തകർത്തെറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 16.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് കിങ്സ് ലക്ഷ്യത്തിലെത്തി.

നേരത്തെ ടോസ് നേടിയ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 44 റൺസെടുത്ത നിക്കോളാസ് പുരാനും 41 റൺസെടുത്ത ആയൂഷ് ബദോനിയുമാണ് ലഖ്നൗ നിരയിൽ തിളങ്ങിയത്. എയ്ഡാൻ മാർക്രത്തിന്റെ 28 റൺസും അബ്ദുൾ സമദിന്റെ 27 റൺസും ലഖ്നൗവിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. പഞ്ചാബിനായി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് കിങ്സിനായി പ്രഭ്സിമ്രാൻ സിങ് 34 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സറും സഹിതം 69 റൺസെടുത്ത് മികച്ച തുടക്കം നൽകി. 30 പന്തിൽ പുറത്താകാതെ 52 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരും 25 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം പുറത്താകാതെ 43 റൺസെടുത്ത നേഹൽ വദേരയും ചേർന്ന് പഞ്ചാബിനെ അതിവേഗം ലക്ഷ്യത്തിലെത്തിച്ചു.

Content Highlights: It's difficult to get a big total when you lose early wickets says Rishabh Pant

dot image
To advertise here,contact us
dot image