
പാകിസ്താനെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ച്വറി നേട്ടം പൂർത്തിയാക്കാൻ കഴിയാതിരുന്നതിൽ പ്രതികരണവുമായി ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ ബാറ്റർ മിച്ചൽ ഹെ. 'സെഞ്ച്വറിയെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. ടീം സ്കോർ ഉയർത്തുകയായിരുന്നു ലക്ഷ്യം. മുഹമ്മദ് അബാസ് നന്നായി ബാറ്റ് ചെയ്തു. പരമാവധി സ്കോർ നേടുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ന്യൂസിലാൻഡിന്റെ ബൗളർമാരും നന്നായി പന്തെറിഞ്ഞു. ബാറ്റിങ്ങിന് പുറമെ വിക്കറ്റ് കീപ്പിങ്ങിലും ഞാൻ സന്തോഷവാനാണ്.' മിച്ചൽ ഹെ മത്സരശേഷം പ്രതികരിച്ചു.
ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ 84 റൺസിന്റെ തോൽവിയാണ് പാകിസ്താൻ ക്രിക്കറ്റ് ടീം നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 292 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 41.2 ഓവറിൽ 208 റൺസിൽ എല്ലാവരും പുറത്തായി.
നേരത്തെ ടോസ് നേടിയ പാകിസ്താൻ ന്യൂസിലാൻഡിനെ ബാറ്റിങ്ങിനയച്ചു. ഏഴാമനായി ക്രീസിലെത്തി 78 പന്തിൽ ഏഴ് ഫോറും ഏഴ് സിക്സറും സഹിതം പുറത്താകാതെ 99 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ മിച്ചൽ ഹെയാണ് ന്യൂസിലാൻഡിനെ മികച്ച സ്കോറിലെത്തിച്ചത്. മുഹമ്മദ് അബാസ് 41 റൺസും നേടി.
മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ ഒരു ഘട്ടത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിൽ തകർന്നിരുന്നു. 73 റൺസെടുത്ത ഫഹീം അഷ്റഫിന്റെ ബാറ്റിങ്ങ് മികവിൽ പാകിസ്താൻ ഒമ്പതിന് 174 എന്ന സ്കോറിലേക്കെത്തി. ഒടുവിൽ 44 പന്തിൽ നാല് ഫോറും നാല് സിക്സറും സഹിതം 51 റൺസെടുത്ത നസീം ഷായുടെ മികവിൽ പാകിസ്താൻ സ്കോർ 200 കടക്കുകയായിരുന്നു. ന്യൂസിലാൻഡിനായി ബെൻ സിയേഴ്സ് അഞ്ച് വിക്കറ്റും ജേക്കബ് ഡഫി മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
Content Highlights: Scoring a century didn't cross my mind says Mitchell Hay