
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തിരിച്ചടിയായി സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ പരിക്ക്. ഡീപ് മിഡ് വിക്കറ്റിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയുടെ വിരലിന് പരിക്കേൽക്കുന്നത്.
ഗുജറാത്ത് ടൈറ്റൻസിന്റെ ചേസിന്റെ 12-ാം ഓവറിൽ ക്രുണാൽ പാണ്ഡ്യയുടെ പന്ത് സായ് സുദർശൻ ബൗണ്ടറിയിലേക്ക് അടിച്ചു. കോഹ്‌ലി പന്ത് തടയാൻ നോക്കിയെങ്കിലും തെന്നി വലത് കൈയിലെ വിരലിൽ തട്ടി ബൗണ്ടറിയിലേക്ക് ഉരുണ്ടു. കോഹ്‌ലി ഉടൻ തന്നെ മുട്ടുകുത്തി പരിക്കേറ്റ വിരലിൽ പിടിക്കുകയും ചെയ്തു. ആർസിബിയുടെ മെഡിക്കൽ സ്റ്റാഫിന്റെ പരിശോധനയ്ക്ക് ശേഷമാണ് കോഹ്‌ലി ഫീൽഡിൽ തുടർന്നത്. ഫീൽഡിൽ തുടർന്നെങ്കിലും താരം അസ്വസ്ഥനായി കാണപ്പെട്ടു. പരിക്കിന്റെ വ്യാപ്തി അറിയില്ലെങ്കിലും ശേഷിക്കുന്ന മത്സരങ്ങളെ ബാധിക്കില്ലെന്നാണ് ആർസിബി ആരാധകർ പ്രതീക്ഷിക്കുന്നത്.
Virat Kohli sustained a finger injury while fielding during Gujarat Titans #ViratKohli #RCBvsGThttps://t.co/K7NNBab83r
— India Today Sports (@ITGDsports) April 2, 2025
അതേ സമയം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ എട്ടുവിക്കറ്റിന് ഗുജറാത്ത് തോൽപ്പിച്ചു. മൂന്ന് മത്സരങ്ങളിലെ രണ്ടാം ജയമാണിത്. ആർസിബിയുടെ ടോട്ടലായ 169 റൺസ് എന്ന ടോട്ടൽ 17.5 ഓവറിൽ മറികടന്നു. ഗുജറാത്തിനായി ജോസ് ബട്ട്ലർ 73 റൺസെടുത്തപ്പോൾ സായ് സുദർശൻ 49 റൺസെടുത്തും റൂഥർഫോർഡ് 30 റൺസെടുത്തും ഭേദപ്പെട്ട പ്രകടനം നടത്തി.
നേരത്തെ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ ആർസിബിക്ക് മുന്നിൽ ഗുജറാത്ത് പേസർമാർ മികച്ച ബോളിങ് കാഴ്ച വെച്ചപ്പോൾ ബെംഗളൂരുവിന്റെ ആദ്യ ബാറ്റിങ് സ്കോർ 169 ലൊതുങ്ങി. ആർസിബിക്ക് വേണ്ടി ലിയാം ലിവിങ്സ്റ്റൺ അർധ സെഞ്ച്വറി നേടി. താരം അഞ്ചുസിക്സറുകളും ഒരു ഫോറും അടക്കം 54 റൺസെടുത്തു. ജിതേഷ് ശർമ 33 റൺസും ടിം ഡേവിഡ് 31 റൺസും നേടി. ഈ മൂന്ന് ഇന്നിങ്‌സാണ് ആർസിബിക്ക് തുണയായത്.
ഗുജറാത്തിന് വേണ്ടി മുഹമ്മദ് സിറാജ് മിന്നും പ്രകടനം നടത്തി. നാലോവർ എറിഞ്ഞ താരം 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. സ്പിന്നർ സായ് കിഷോർ രണ്ടും അർഷാദ് ഖാൻ, ഇഷാന്ത് ശർമ, പ്രസീദ് കൃഷ്‌ണ എന്നിവർ ഓരോ വിക്കറ്റും നേടി.
Content Highlights: Virat Kohli suffers injury scare after blow on finger while fielding