
ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാൾ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ വിടുന്നു. ഗോവ ടീമിലേക്കാണ് ജയ്സ്വാൾ മാറുന്നത്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ അടുത്ത സീസണിൽ ജയ്സ്വാൾ ഗോവ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകും. ഇന്ത്യൻ ഓപണിങ് ബാറ്ററുടെ ടീം മാറ്റം ഗോവ ക്രിക്കറ്റ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ജയ്സ്വാൾ ഉടൻ തന്നെ ഗോവ ടീമിനൊപ്പം ചേരും. അതിനായുള്ള എൻ ഒ സിക്കായി (നോ ഒബ്ജക്ഷൻ സെർട്ടിഫിക്കറ്റ്) ജയ്സ്വാൾ അപേക്ഷിച്ചിട്ടുണ്ട്. ഗോവ ക്രിക്കറ്റ് വൃത്തങ്ങൾ സൂചിപ്പിച്ചു.
ഉത്തർപ്രദേശുകാരനായ ജയ്സ്വാൾ ചെറുപ്പത്തിൽ തന്നെ മുംബൈയിലേക്കെത്തിയതാണ്. ഉത്തർപ്രദേശിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ജയ്സ്വാൾ 10-ാം വയസിൽ ക്രിക്കറ്റിനായി മുംബൈയിലേക്ക് വണ്ടികയറി. ക്രിക്കറ്റ് മൈതാനത്തെ ടെന്റുകളിലായിരുന്നു താരത്തിന്റെ ഉറക്കം. പാനിപൂരി വിൽക്കുന്ന കച്ചവടക്കാരെ സഹായിക്കുന്നതായിരുന്നു ഏക വരുമാന മാർഗം.
വീട്ടിൽ നിന്ന് തിരിച്ചുവിളിക്കുമ്പോൾ ക്രിക്കറ്റ് താരമായിട്ടെ മടങ്ങിവരൂവെന്നായിരുന്നു ജയ്സ്വാളിന്റെ മറുപടി. ക്രിക്കറ്റ് കളിക്കാൻ കഴിയുന്നുവെന്ന ഒറ്റക്കാരണത്താൽ പരിമിധികളെ ജയ്സ്വാൾ ഇഷ്ടപ്പെട്ടു. എന്നാൽ ആയിരക്കണക്കിന് വരുന്ന കുട്ടികളിൽ നിന്ന് ഒരു ക്രിക്കറ്റ് താരമാകുക ജയ്സ്വാളിന് എളുപ്പമല്ലായിരുന്നു. ജ്വാല സിങ് എന്ന പരിശീലകന്റെ ശ്രദ്ധയിൽപ്പെട്ടതാണ് ജയ്സ്വാളിന്റെ കരിയറിന്റെ വഴിത്തിരിവായത്. ജയ്സ്വാളിന് ഭക്ഷണവും താമസവും ഒപ്പം ക്രിക്കറ്റ് പരിശീലനവും ജ്വാല സിങ് വഴി ലഭിച്ചു.
മുംബൈയിലെ സ്കൂൾ ടൂർണമെന്റുകളിൽ നടത്തിയ പ്രകടനങ്ങൾ താരത്തെ മുന്നോട്ടു നയിച്ചുകൊണ്ടിരുന്നു. 2018ൽ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ ജയ്സ്വാളെത്തി. മുംബൈയുടെ രഞ്ജി ടീമിലും മികച്ച പ്രകടനം നടത്തിയതോടെ താരത്തെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. പിന്നാലെ ഇന്ത്യയുടെ ദേശീയ ടീമിലും ജയ്സ്വാൾ നിർണായക സാന്നിധ്യമായി മാറി. എന്നാൽ വൈകാരികമായി മുംബൈയോടുള്ള ബന്ധം ഉപേക്ഷിച്ച് ജയ്സ്വാൾ ഗോവയിലേക്ക് മാറുന്നതിന്റെ കാരണം വ്യക്തമായിട്ടില്ല.
Content Highlights: Yashasvi Jaiswal Quits Mumbai set to join Goa