
ഐപിഎൽ സീസണിൽ ആദ്യ രണ്ട് മത്സരങ്ങളിലും അർധ സെഞ്ച്വറി നേടിയ താരം. മൂന്നാം മത്സരത്തിൽ 49 റൺസിന്റെ നിർണായക സംഭവാന. റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമൻ. കളിക്കളത്തിൽ അയാൾ സ്ഥിരതയാർന്ന പ്രകടനം തുടരുകയാണ്. ഗുജറാത്ത് ടൈറ്റൻസ് ഓപണർ സായി സുദർശൻ.
2021ൽ തമിഴ്നാട് പ്രീമിയർ ലീഗിൽ റൺവേട്ടക്കാരിൽ രണ്ടാമനായി. ഈ പ്രകടനം സായിയെ തമിഴ്നാട്ടിൽ നിന്നും ഗുജറാത്തിലെത്തിച്ചു. 2022ൽ ഗുജറാത്ത് ടൈറ്റൻസിൽ ഐപിഎൽ അരങ്ങേറ്റം. അഞ്ച് മത്സരങ്ങളിലെ അവസരം അയാൾ നന്നായി ഉപയോഗിച്ചു. ഇതോടെ ഗുജറാത്തിൽ സായിയുടെ അവസരങ്ങൾ വർധിച്ചു.
2023ലെ ഐപിഎല്ലിന്റെ ഫൈനലിലാണ് സായിയുടെ കഴിവുകളിലേക്ക് ക്രിക്കറ്റ് ലോകം കൂടുതൽ ശ്രദ്ധിച്ചത്. ഫൈനലിന്റെ സമ്മർദ്ദങ്ങളില്ലാതെ ചെന്നൈ സൂപ്പർ കിങ്സിനെതിരെ സായി അടിച്ചുതകർത്തു. 47 പന്തുകളിൽ എട്ട് ഫോറുകളും ആറ് സിക്സറുകളും. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സായി സുദർശൻ അടിച്ചെടുത്തത് 96 റൺസ്. മത്സരം ഗുജറാത്ത് പരാജയപ്പെട്ടത് സായിയുടെ ഇന്നിംഗ്സിന്റെ ഭംഗി കുറച്ചു. എങ്കിലും ഐപിഎല്ലിലെ മികവ് അയാളെ ഇന്ത്യൻ ടീമിലെത്തിച്ചു. ഇന്ത്യൻ ടീമിൽ മൂന്ന് ഏകദിനങ്ങൾ മാത്രമാണ് സായിക്ക് കളിക്കാൻ കഴിഞ്ഞത്. നന്നായി കളിച്ചിട്ടും പ്രതിഭകളുടെ ധാരാളിത്തം അയാളെ പലപ്പോഴും ഇന്ത്യൻ ടീമിന് പുറത്തുനിർത്തുകയാണ്.
2024ലെ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പ്രകടനം മോശമായി. എങ്കിലും സായി സുദർശന്റെ റൺസ് നേട്ടം 500ൽ അധികമായിരുന്നു. വീണ്ടുമൊരു ഐപിഎൽ ടൂർണമെന്റ് പുരോഗമിക്കുകയാണ്. അയാൾ വീണ്ടും ഇന്ത്യൻ ക്രിക്കറ്റിന് മുന്നിൽ സായി എന്ന പേര് ഓർമപ്പെടുത്തുകയാണ്. ബിസിസിഐ ശ്രദ്ധിക്കുമെന്ന പ്രതീക്ഷയോടെ.
Content Highlights: Sai Sudharsan continues his consistency in IPL 2025 too