
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ സമൂഹമാധ്യമത്തിൽ പോസ്റ്റുമായി ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗിൽ. ചിന്നസ്വാമിയിലെ ആരവത്തിലല്ല, മറിച്ച് മത്സരം വിജയിക്കുന്നതിലായിരുന്നു ഞാൻ ശ്രദ്ധിച്ചതെന്ന് ഗിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. എന്തുകൊണ്ടാണ് ഗിൽ ഇത്തരമൊരു പോസ്റ്റുമായി രംഗത്തെത്തിയതെന്ന് വിശദീകരിക്കുന്നില്ല. എങ്കിലും ഭുവനേശ്വർ കുമാറിന്റെ പന്തിൽ ശുഭ്മൻ ഗിൽ പുറത്തായപ്പോൾ വിരാട് കോഹ്‍ലി നടത്തിയ അമിത ആവേശമാണ് പോസ്റ്റിന് പിന്നിലെന്ന് ആരാധകർ പറയുന്നു.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനോട് എട്ട് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പരാജയപ്പെട്ടത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ഒരു ഘട്ടത്തിൽ നാലിന് 42 എന്ന സ്കോറിലേക്ക് ആർസിബി തകർന്നിരുന്നു. പിന്നാലെ ലിയാം ലിവിങ്സ്റ്റൺ- 54, ജിതേഷ് ശർമ- 33, ടിം ഡേവിഡ്- 32 എന്നിവരുടെ പ്രകടനമാണ് ആർസിബിയെ പ്രതിരോധിക്കാവുന്ന സ്കോറിലേക്കെത്തിച്ചത്.
മറുപടി പറഞ്ഞ ഗുജറാത്ത് ടൈറ്റൻസ് 17.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. പുറത്താകാതെ 73 റൺസ് നേടിയ ജോസ് ബട്ലറാണ് ഗുജറാത്ത് ജയം അനായാസമാക്കിയത്. 49 റൺസെടുത്ത സായി സുദർശനന്റെ സംഭാവനയും നിർണായകമായി. ഐപിഎൽ സീസണിൽ മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ ആർസിബിയുടെ ആദ്യ തോൽവിയാണിത്. ഗുജറാത്ത് മൂന്നിൽ രണ്ട് മത്സരങ്ങൾ വിജയിച്ചു.
Content Highlights: Shubman Gill's Cryptic Post After Win Against RCB Goes Viral