
പാകിസ്താനെതിരായ മൂന്നാം ഏകദിനത്തിൽ ന്യൂസിലാൻഡ് പേസർ ബെൻ സീയേഴ്സ് കുറിച്ചത് ചരിത്ര നേട്ടം. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു ന്യൂസിലാൻഡ് താരം തുടർച്ചയായ രണ്ട് ഏകദിനങ്ങളിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. മൂന്നാം ഏകദിനത്തിൽ ഒമ്പത് ഓവറിൽ 34 റൺസ് വിട്ടുകൊടുത്താണ് സിയേഴ്സ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.
മധ്യനിര ബാറ്റർ ഡാരൽ മിച്ചൽ ന്യൂസിലാൻഡിനായി മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി. പാകിസ്താനെതിരായ മൂന്നാം ഏകദിനത്തിൽ ഡാരൽ മിച്ചൽ ഏകദിനത്തിൽ 2000 റൺസ് എന്ന നേട്ടം കൈവരിച്ചു. ഏകദിനത്തിൽ അതിവേഗം 2000 റൺസിലെത്തുന്ന ന്യൂസിലാൻഡ് താരമെന്ന റെക്കോർഡ് ഇനി മിച്ചലിന് സ്വന്തമാണ്. ഏകദിനത്തിൽ 2000 റൺസ് നേടാൻ മിച്ചലിന് വെറും 47 ഇന്നിങ്സുകളാണ് വേണ്ടിവന്നത്. 52 ഇന്നിങ്സുകളിൽ ഈ നേട്ടം കൈവരിച്ച ന്യൂസിലാൻഡ‍് മുൻ താരം ആൻഡ്രൂ ജോൺസിൻ്റെ റെക്കോർഡാണ് മിച്ചൽ തകർത്തത്.
മൂന്നാം ഏകദിനത്തിൽ 43 റൺസിന്റെ വിജയവും ന്യൂസിലാൻഡ് നേടി. 42 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 40 ഓവറിൽ 221 റൺസിൽ എല്ലാവരും പുറത്തായി.
നേരത്തെ ടോസ് നേടിയ പാകിസ്താൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാൻഡ് മുൻനിരയിലെ മിക്ക താരങ്ങളും ഭേദപ്പെട്ട നിലയിൽ സ്കോർ ചെയ്തു. റഹീസ് മരിയു 58, ഹെൻറി നിക്കോളാസ് 31, ഡാരൽ മിച്ചൽ 43, ടിം സെയ്ഫേർട്ട് 26, ക്യാപ്റ്റൻ മൈക്കൽ ബ്രേസ്‍വെൽ 59 എന്നിങ്ങനെ സംഭാവന ചെയ്തു. പാകിസ്താനായി അഖിഫ് ജാവേദ് നാല് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ പാകിസ്താനും നന്നായി ബാറ്റ് ചെയ്തെങ്കിലും ലക്ഷ്യത്തിലേക്കെത്താനുള്ള പോരാട്ടം ഉണ്ടായില്ല. അബ്ദുള്ള ഷെഫീക്ക് 33, ബാബർ അസം 50, മുഹമ്മദ് റിസ്വാൻ 37, തായിബ് താഹിർ 33 എന്നിങ്ങനെയുള്ള പ്രകടനവും നടത്തി. ന്യൂസിലാൻഡിനായി ബെൻ സീയേഴ്സ് തുടർച്ചയായ രണ്ടാം മത്സരത്തിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
Content Highlights: Ben Sears, Daryl Mitchell create history for New Zealand