
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസ് താരം തിലക് വർമയെ നിർണായക സമയത്ത് തിരിച്ചുവിളിച്ചതിൽ പ്രതികരിച്ച് ടീം മുഖ്യപരിശീലകൻ മഹേല ജയവർധനെ. അവസാന കുറച്ച് ഓവറുകൾ വരെ ഞാൻ കാത്തിരുന്നു, കാരണം തിലക് ക്രീസിൽ കുറച്ച് സമയം ചിലവഴിച്ചിരുന്നു. വിജയലക്ഷ്യത്തിലേക്ക് വലിയ ഹിറ്റുകൾ തിലകിൽ നിന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവസാന നിമിഷം പുതിയൊരു താരത്തെ ക്രീസിലേക്ക് പോകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. തിലക് ശരിക്കും ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടുകയായിരുന്നു. എന്ന് ജയവർധനെ മത്സരശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളിൽ ഒരു താരത്തെ പിൻവലിക്കുന്നത് ശരിയല്ല. പക്ഷേ എനിക്കത് ചെയ്യേണ്ടിവന്നു, അത് ആ സമയത്തെ ഒരു തന്ത്രപരമായ തീരുമാനമായിരുന്നു. ജയവർധനെ കൂടുതൽ വിശദീകരിച്ചു.
മുംബൈ ഇന്ത്യൻസിനായി തിലക് നന്നായി ബാറ്റ് ചെയ്തു. സൂര്യയുമായുള്ള കൂട്ടുകെട്ടും നന്നായിരുന്നു. ആക്രമിച്ച് കളിക്കണമെന്ന് തിലകിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ തിലകിന് അതിന് കഴിഞ്ഞില്ല. ജയവർധനെ വ്യക്തമാക്കി.
ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ 23 പന്തിൽ 25 റൺസാണ് മുംബൈ ഇന്ത്യൻസ് താരം തിലക് വർമ നേടിയത്. റൺസ് കണ്ടെത്താൻ കഴിയാതിരുന്നതോടെ തിലക് റിട്ടയർഡ് ഔട്ടായി ഡഗ് ഔട്ടിലേക്ക് മടങ്ങുകയായിരുന്നു. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പരാജയപ്പെടുകയും ചെയ്തു.
ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസ് 12 റൺസിനാണ് പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. മറുപടി പറഞ്ഞ മുംബൈ ഇന്ത്യൻസ് 20 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റിന് 191 എന്ന സ്കോർ നേടാനെ സാധിച്ചുള്ളു.
Content Highlights: Mahela Jayawardene explains the reason behind Tilak's retired out