
മുംബൈ ഇന്ത്യൻസിന് ഒടുവിൽ സന്തോഷവാർത്ത. പരിക്കേറ്റ് മാസങ്ങളായി പുറത്തിരുന്ന സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര മുംബൈ ഇന്ത്യൻസ് ക്യാംപിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. 'റെഡി ടു റോര്‍' എന്ന ക്യാപ്ഷനോടെയുള്ള വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ച് ബുമ്ര ടീമിൽ തിരികെ എത്തിയ കാര്യം മുംബൈ ഇന്ത്യൻസ് തന്നെ ഔദ്യോഗിക പ്ലാറ്റ് ഫോമായ എക്സിലൂടെ പങ്കുവെച്ചിരിക്കുന്നത്.
നിലവിൽ കഴിഞ്ഞ ഐപിഎല്ലിലേതിനു സമാനമായി ഈ സീസണിലും മുംബൈ കിതക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. കളിച്ച നാല് മത്സരങ്ങളിൽ നിന്ന് ഒന്നിൽ മാത്രമാണ് മുംബൈയ്ക്ക് ജയിക്കാനായത്. ഹാർദികിന്റെ കീഴിൽ ഒത്തിണക്കമില്ലാത്ത ഒരു മുംബൈ ടീമിനെയാമ് നമുക്ക് ഈ സീസണിലും കാണാൻ കഴിഞ്ഞിരിക്കുന്നത്. വമ്പൻ താരനിരയുമായി എത്തിയിട്ടും നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ മുംബൈക്ക് കഴിയുന്നില്ല എന്നതാണ് പ്രധാനകാര്യം.
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ അവസാന മത്സരത്തിൽ ജയിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് മുംബൈ തോൽവിയേറ്റ് വാങ്ങിയത്. മത്സരത്തില്‍ ഓള്‍റൗണ്ടറായി തിളങ്ങിയെങ്കിലും തിലക് വര്‍മയെ റിട്ടയേര്‍ഡ് ഔട്ടാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും പുകയുന്നുണ്ട്. ഈ മത്സരത്തിന് പിന്നാലെ ടീമിനുള്ളില്‍ ഭിന്നത ശക്തമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്. ഹാർദികിനെ മാറ്റി സൂര്യയെ നായകനാക്കണമെന്ന് ഒരു വിഭാഗം കളിക്കാർ ആവശ്യപ്പെട്ട് രംഗത്ത് വന്നു എന്ന് തുടങ്ങിയ വാർത്തകൾ മുംബൈ ക്യാംപിൽ നിന്നും വരുന്നുണ്ട്. അതിനൊപ്പം കഴിഞ്ഞ മത്സരത്തിൽ മുൻ നായകൻ രോഹിത്തിനെ മാറ്റിനിർത്തിയതും വിവാദമായിരുന്നു.
ഈയൊരു സാഹചര്യത്തിലാണ് മറ്റൊരു സൂപ്പർ താരമായ ജസ്പ്രിത് ബുമ്രയുടെ ടീമിലേക്കുള്ള തിരിച്ചുവരവ്. ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയ്ക്കിടെയാണ് ബുമ്രയ്ക്ക് പരിക്കേൽക്കുന്നത്. ബുമ്ര കൂടി എത്തുന്നതോടെ ബൗളിംഗ് നിരയിലെ ആശങ്കകൾക്ക് പരിഹാരമാകുമെന്നാണ് മുംബൈയുടെ കണക്കുകൂട്ടൽ. എങ്കിലും മുംബൈയെ വിജയവഴിയിലേക്ക് ബുംമ്രയക്ക് എത്തിക്കാനാവുമോ എന്ന് ഇനിയുള്ള ദിവസങ്ങളിൽ കണ്ടറിയണം.
content highlights: jasprith bumrah returns to mumbai indians team