
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനായി സഞ്ജു സാംസൺ തിരികെയെത്തി. പ്രിയ നായകൻ വന്നെത്തിയതോടെ ടീ രാജസ്ഥാൻ ഉണർന്നുകളിച്ചു. ഫോം കണ്ടെത്താൻ വിഷമിച്ച യശസ്വി ജയ്സ്വാൾ അർധ സെഞ്ച്വറി പിന്നിട്ടു. ക്യാപ്റ്റനല്ല ലീഡറാണ് തിരിച്ചെത്തിയതെന്ന് റിയാൻ പരാഗ്. ചെണ്ടയെന്ന് വിളിച്ചവരെ ക്ലീൻ ബൗൾഡാക്കി ജൊഫ്ര ആർച്ചർ. സന്ദീപ് ശർമയുടെ വേരിയേഷനുകൾ വീണ്ടും മികവിലേക്കുയർന്നു.
പഞ്ചാബിലെ ന്യൂ ചണ്ഡീഗണ്ഡിൽ പണിതുയർത്ത പുതിയൊരു സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. വിരലിലെണ്ണാവുന്ന മത്സരങ്ങൾക്ക് മാത്രം വേദിയായ സ്റ്റേഡിയം. പിച്ചിന്റെ സ്വഭാവമെന്തെന്ന് സന്ദർശകരായ രാജസ്ഥാന് മാത്രമല്ല, ആതിഥേയരായ പഞ്ചാബിന് പോലും അറിയില്ല. ആദ്യം പിച്ചിന്റെ സ്വഭാവം അറിയണം. അതിന് ആദ്യം പന്തെറിഞ്ഞാൽ നന്നാകും. ടോസ് ലഭിച്ചതും പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ ബൗളിങ് തിരഞ്ഞെടുത്തു. പിച്ചിന്റെ സ്വഭാവം മനസിലാക്കുകയാണ് ലക്ഷ്യമെന്ന് ശ്രേയസ് തുറന്നുപറഞ്ഞു. പക്ഷേ ശ്രേയസ് വിചാരിച്ച വഴിക്കല്ല കാര്യങ്ങൾ പോയത്.
ആദ്യ വിക്കറ്റിൽ തന്നെ സഞ്ജുവും ജയ്സ്വാളും കൂട്ടിച്ചേർത്തത് 89 റൺസ്. മികച്ച തുടക്കം മധ്യനിരക്കാരും മുതലാക്കി.
രാജസ്ഥാൻ സ്കോർ 200 കടന്നതോടെ പഞ്ചാബ് തോൽവി മണത്തു. എങ്കിലും സീസണിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നാണ് പഞ്ചാബ്. ആദ്യ ഓവറിൽ തന്നെ ജൊഫ്ര ആർച്ചർ ആഞ്ഞടിച്ചു. പ്രിയാൻഷ് ആര്യയും ശ്രേയസ് അയ്യരും ക്ലീൻ ബൗൾഡായി. 43 റൺസിൽ പഞ്ചാബിന്റെ നാല് പേർ വീണു. വദേരയുടെയും മാക്സ്‍വെല്ലിന്റെയും പോരാട്ടം വിജയത്തിലേക്കെത്തിയില്ല. കാരണം ഓരോ എതിരാളികളെയും വീഴ്ത്താൻ സഞ്ജുവിന്റെ കൈയ്യിൽ ആയുധങ്ങളുണ്ടായിരുന്നു. ഒടുവിൽ 50 റൺസ് അകലെ പഞ്ചാബ് പോരാട്ടം അവസാനിച്ചു. സഞ്ജുവും പടയാളികളും ഇനി മുന്നോട്ടാണ്. ഐപിഎൽ കിരീടത്തിലേക്കുള്ള മുന്നേറ്റം.
Content Highlights: Sanju Samson back as RR captain for the first time in IPL 2025