'ടീം ഏത് റോൾ നൽകിയാലും അത് ആസ്വദിച്ച് ചെയ്യുകയാണ് എന്റെ ലക്ഷ്യം': കെ എൽ രാഹുൽ

'ചെന്നൈയ്ക്കെതിരായ മത്സരത്തിൽ ടോപ് ഓർഡറിൽ കളിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്'

dot image

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ് താരം കെ എൽ രാഹുൽ. കഴിഞ്ഞ മത്സരത്തിലെ നാലാം നമ്പറിൽ നിന്ന് ഓപണിങ് റോളിലേക്ക് മാറ്റിയതിനെക്കുറിച്ചാണ് രാഹുൽ ആദ്യം പ്രതികരിച്ചത്. 'ഇത് മുമ്പും സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തരം മാറ്റങ്ങളുമായി ഞാൻ പൊരുത്തപ്പെട്ടിട്ടുണ്ട്. ഐപിഎൽ തുടങ്ങുന്നതിന് മുൻപ് ടോപ് ഓർഡറിൽ കളിക്കാനാണ് ഞാൻ തയ്യാറെടുത്തിരുന്നത്. ഐപിഎൽ തുടങ്ങുന്നതിന് ഒരാഴ്ച മുൻപ്, ഞാൻ കോച്ചുമായി സംസാരിച്ചു. അപ്പോഴാണ് ഞാൻ നാലാം നമ്പറിൽ കളിക്കണമെന്ന് പരിശീലകൻ ആവശ്യപ്പെട്ടത്. മധ്യനിരയിൽ കളിക്കേണ്ടിയിരുന്ന ഒരു താരം ടൂർണമെന്റിൽ നിന്ന് പിന്മാറിയതാണ് കാരണം. ഞാൻ ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് നൽകുന്ന ഏത് റോളും സ്വീകരിക്കും. അത് ആസ്വദിക്കുകയാണ് ലക്ഷ്യം.' രാഹുൽ മത്സരശേഷം പ്രതികരിച്ചു.

'ചെന്നൈയ്ക്കെതിരായ മത്സരത്തിൽ ടോപ് ഓർഡറിൽ കളിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്. കൂടുതലും ഓപണറുടെ റോളാണ് എനിക്ക് ചെയ്യാൻ കഴിയുക. നാലാം നമ്പറിൽ കളിക്കണമെങ്കിൽ അത് പരിചയിക്കണം. എന്നാൽ സ്ഥിരമായി ഒരു റോളിൽ കളിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു. ബാറ്റിങ് ഓഡറിൽ വ്യത്യാസം വരുന്നത് ബുദ്ധിമുട്ടാണ്. അതിനോട് പൊരുത്തപ്പെടാൻ സമയമെടുക്കും. അതാണ് വലിയ വെല്ലുവിളി. അവിടെ വിജയിച്ചുകഴിഞ്ഞാൽ പിന്നെ നന്നായി കളിക്കാൻ കഴിയും.' രാഹുൽ വ്യക്തമാക്കി.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ 51 പന്തിൽ 77 റൺസാണ് രാഹുൽ നേടിയത്. ആറ് ഫോറുകളും മൂന്ന് സിക്സറുകളും ഇതിൽ ഉൾപ്പെടുന്നു. രാഹുലിന്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. ചെന്നൈയുടെ മറുപടി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 158 റൺസിൽ അവസാനിച്ചു.

Content Highlights: Whatever role is given and go out there and enjoy says K L Rahul

dot image
To advertise here,contact us
dot image