
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ തോൽവിയിൽ പ്രതികരണവുമായി സൺറൈസേഴ്സ് ടീം പരിശീലകൻ ഡാനിയേൽ വെട്ടോറി. 'കഴിഞ്ഞ നാല് മത്സരങ്ങളിലും മികച്ച പ്രകടനത്തിന് അടുത്ത് പോലുമെത്താൻ സൺറൈസേഴ്സിന് കഴിഞ്ഞിട്ടില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും മോശം പ്രകടനമാണ് നടത്തുന്നത്. എല്ലാ ടീമുകൾക്കും ഫീൽഡിങ്ങിലെ മികവ് നിർണായകമാണ്. സൺറൈസേഴ്സ് ഫീൽഡിങ്ങിൽ വളരെ മോശമായിരുന്നു. അതിനാൽ പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പ് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സൺറൈസേഴ്സ് ഇപ്പോഴും വളരെ മികച്ച ടീമാണ്. എന്നാൽ ആ മികവ് കളിക്കളത്തിൽ പ്രകടമാക്കാൻ സാധിക്കുന്നില്ല.' മത്സരശേഷമുള്ള വാർത്താ സമ്മേളനത്തിൽ വെട്ടോറി പ്രതികരിച്ചു.
'പ്രധാനപ്പെട്ട കാര്യം പിച്ചിലെ സാഹചര്യങ്ങൾ വിലയിരുത്തുക എന്നതാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ പിച്ചിലെ സാഹചര്യങ്ങൾ ശരിക്കും കഠിനമായിരുന്നു. സാധാരണയായി ഹൈദരാബാദിലെ ബാറ്റിങ്ങ് വിക്കറ്റായിരുന്നില്ല ഇത്. 160-170 റൺസ് നേടുകയായിരുന്നു സൺറൈസേഴ്സ് ലക്ഷ്യം. എന്നാൽ എതിരാളികളുടെ തന്ത്രങ്ങളാണ് ചിലപ്പോൾ വിജയിക്കുന്നത്.' വെട്ടോറി വ്യക്തമാക്കി.
ഐപിഎല്ലിൽ കഴിഞ്ഞ സീസണിലെ ഫൈനൽ കളിച്ചവരാണ് സൺറൈസേഴ്സ് ഹൈദരാബാദ്. എന്നാൽ ഈ സീസണിൽ അഞ്ച് മത്സരങ്ങൾ പിന്നിടുമ്പോൾ ഒന്നിൽ മാത്രമാണ് സൺറൈസേഴ്സിന് വിജയിക്കാൻ സാധിച്ചത്. പാറ്റ് കമ്മിൻസ് നായകനായ ടീം സീസണിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും മോശം പ്രകടനമാണ് നടത്തുന്നത്.
Content Highlights: All department performed poor says Daniel Vettori