
ഇംഗ്ലണ്ട് ക്രിക്കറ്റ് ഏകദിന, ട്വന്റി 20 ടീം നായകനായി ഹാരി ബ്രൂക്കിനെ നിയമിച്ചു. പാകിസ്ഥാനിൽ നടന്ന 2025 ഐസിസി ചാംപ്യൻസ് ട്രോഫിയിൽ നിന്ന് ഇംഗ്ലണ്ട് നേരത്തെ പുറത്തായതിനെ തുടർന്ന് ജോസ് ബട്‌ലർ നായക സ്ഥാനമൊഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബ്രൂക്കിൻ്റെ നിയമനം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ പരിക്കേറ്റ ബട്‌ലർക്ക് പകരം ബ്രൂക്ക് ഇംഗ്ലണ്ടിൻ്റെ ക്യാപ്റ്റനായി കളിച്ചിട്ടുണ്ട്. ന്യൂസിലാൻഡിൽ നടന്ന 2018 ഐസിസി അണ്ടർ-19 ലോകകപ്പിലും ബ്രൂക്ക് ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്.
'ഇംഗ്ലണ്ടിൻ്റെ വൈറ്റ്-ബോൾ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു വലിയ ബഹുമതിയാണ്. കുട്ടിക്കാലം മുതൽ ഇംഗ്ലണ്ട് ദേശീയ ടീമിനായി കളിക്കാനും ഒരു ദിവസം ഇംഗ്ലീഷ് ടീമിനെ നയിക്കാനും ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോൾ ആ അവസരം ലഭിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.' ഹാരി ബ്രൂക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ പ്രസ്താവനയിൽ അറിയിച്ചു.
26കാരനായ ബ്രൂക്ക് 2022 ജനുവരിയിലാണ് ഇംഗ്ലണ്ട് ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ ഇംഗ്ലണ്ടിനായി 26 ഏകദിനങ്ങൾ കളിച്ച ബ്രൂക്ക് 34 ശരാശരിയിൽ 816 റൺസ് നേടിയിട്ടുണ്ട്. 110 ആണ് ഉയർന്ന സ്കോർ. 44 ടി20 മത്സരങ്ങളിലും ബ്രൂക്ക് ഇംഗ്ലീഷ് ജഴ്സിയണിഞ്ഞു. 81 ആണ് ഉയർന്ന സ്കോർ. ബട്‌ലറുടെ നേതൃത്വത്തിൽ 2022ൽ ഓസ്‌ട്രേലിയയിൽ നടന്ന ഐസിസി ടി20 ലോകകപ്പ് നേടിയ ടീമിലും ബ്രൂക്ക് അംഗമായിരുന്നു.
Content Highlights: Harry Brook Named New England White-Ball Cricket Captain