'ചാംപ്യൻസ് ട്രോഫിയിൽനിന്ന് ഒഴിവാക്കിയത് വേദനിപ്പിച്ചു, IPL ചിലത് തെളിയിക്കാനുള്ള അവസരം'; തുറന്നുപറഞ്ഞ് സിറാജ്

ഹൈദരാബാദിനെതിരെയും മിന്നും പ്രകടനം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ഗുജറാത്ത് ടൈറ്റൻസിന്റെ സ്റ്റാർ പേസർ മുഹമ്മദ് സിറാജ്

dot image

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയും മിന്നും പ്രകടനം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ഗുജറാത്ത് ടൈറ്റൻസിന്റെ സ്റ്റാർ പേസർ മുഹമ്മദ് സിറാജ്. ചാംപ്യൻസ് ട്രോഫി ടീമിൽനിന്ന് തഴയപ്പെട്ടത് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് സിറാജ് തുറന്നുപറഞ്ഞു. സ്ഥിരമായി ഇന്ത്യൻ ടീമിൽ അംഗമായിരുന്ന സാഹചര്യത്തിൽ നിന്ന് അപ്രതീക്ഷിതമായി തഴയപ്പെട്ടത് സ്വന്തം കഴിവിനെ പോലും സംശയിക്കാൻ കാരണമായെന്ന് സിറാജ് പറഞ്ഞു. പിന്നീട് ഐപിഎൽ എന്ന പ്രതീക്ഷയിലാണ് കഠിനാധ്വാനം തുടർന്നതെന്നും ഇത് ചിലത് തെളിയിക്കാനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പഴയ തട്ടകമായ ആർസിബിക്കെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നാല് ഓവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ സിറാജ്, ഇന്നലെ ഹൈദരാബാദിൽ സൺറൈസേഴ്സിനെതിരെ നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുമായി വീണ്ടും മാൻ ഓഫ് ദ് മാച്ചായി. ഇപ്പോൾ വിക്കറ്റ് വേട്ടയിൽ നൂർ അഹമ്മദിന് തൊട്ടുപിറകിൽ ഒമ്പത് വിക്കറ്റുമായി രണ്ടാം സ്ഥാനത്താണ് സിറാജ്.

ഏഴുവർഷക്കാലം ആർസിബിയുടെ താരമായിരുന്ന സിറാജ് ഈ സീസണിലാണ് ഗുജറാത്തിലെത്തുന്നത്. ചാംപ്യൻസ് ട്രോഫി സമയത്ത് താരത്തിന്റെ മികവിൽ സംശയം പ്രകടിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും രംഗത്തെത്തിയിരുന്നു. ഇതിന് രണ്ടിനുമുള്ള മറുപടിയാണ് ഇപ്പോൾ സിറാജിന്റേതെന്നാണ് ആരാധകർ പറയുന്നത്.

Content Highlights: mohammed siraj on champions trophy exclusion

dot image
To advertise here,contact us
dot image