
ഐപിഎല്ലിന്റെ ഈ സീസൺ തീരും വരെ തന്‍റെ യുട്യൂബ് ചാനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ബന്ധപ്പെട്ട വീഡിയോകളൊന്നും പോസ്റ്റ് ചെയ്യില്ലെന്ന് ചെന്നൈ താരം ആര്‍ അശ്വിന്‍. താരത്തിന്റെ യുട്യൂബ് ചാനലിലൂടെയുള്ള പ്രതികരണത്തിൽ ചെന്നൈ പരിശീലകനായ സ്റ്റീഫൻ ഫ്ലെമിംഗ് അതൃപ്തി അറിയച്ചതിനെത്തുടര്‍ന്നാണ് തീരുമാനം.
നേരത്തെ യുട്യൂബ് ചാനലിൽ ടീമിൽ അശ്വിനും ജഡേജയുമുള്ളപ്പോള്‍ അഫ്ഗാന്‍ സ്പിന്നര്‍ നൂർ അഹമ്മദിന് അമിത പ്രാധാന്യം നല്‍കുന്നതിനെ വിമര്‍ശിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. വിവാദമായതോടെ അശ്വിന്‍ വീഡിയോ പിന്‍വലിച്ചു. ശേഷം ഇപ്പോൾ ചെന്നൈയുടെ മത്സരങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളൊന്നും കവര്‍ ചെയ്യില്ലെന്നും പോസ്റ്റ് ഇട്ടു.
അതേ സമയം ഇന്ത്യൻ ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അശ്വിന്‍ ഈ സീസണോടെ ഐപിഎല്ലില്‍ നിന്നും വിരമിക്കുമെന്നാണ് കരുതുന്നത്. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന അശ്വിനെ 9.75 കോടി മുടക്കിയാണ് ചെന്നൈ അശ്വിനെ തിരിച്ചെത്തിച്ചത്. എന്നാല്‍ സീസണില്‍ ചെന്നൈക്കായി തിളങ്ങാന്‍ ഇതുവരെ അശ്വിനായിട്ടില്ല. 16.66 ലക്ഷം സബ്ക്രൈബര്‍മാരുള്ള അശ്വിന്‍റെ യുട്യൂബ് ചാനലിൽ ക്രിക്കറ്റിലെ പല കാര്യങ്ങളെ കുറിച്ചും വിമർശിച്ചും പിന്തുണച്ചും രംഗത്തെത്താറുണ്ട്.
Content Highlights: R Ashwin will not post CSK videos during IPL 2025