
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ സെഞ്ച്വറി നേട്ടവുമായി പഞ്ചാബ് കിങ്സ് താരം പ്രിയാൻഷ് ആര്യ. ഐപിഎൽ കരിയറിലെ നാലാമത്തെ മത്സരത്തിലാണ് പ്രിയാൻഷ് ആദ്യ സെഞ്ച്വറിയിലെത്തുന്നത്. 39 പന്തിൽ താരം സെഞ്ച്വറി നേട്ടം പൂർത്തിയാക്കി. ഐപിഎൽ ചരിത്രത്തിൽ തന്നെ അഞ്ചാമത്തെ വേഗതയേറിയ സെഞ്ച്വറി നേട്ടമാണ് പ്രിയാൻഷ് നേടിയത്. പഞ്ചാബ് ഇന്നിംഗ്സിന്റെ 13-ാം ഓവറിൽ തന്നെ പ്രിയാൻഷ് സെഞ്ച്വറിയിലെത്തി. 42 പന്തിൽ ഏഴ് ഫോറും ഒമ്പത് സിക്സറും സഹിതം 103 റൺസെടുത്ത് പ്രിയാൻഷ് പുറത്തായി.
മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഖലീൽ അഹമ്മദ് എറിഞ്ഞ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി പ്രിയാൻഷ് തന്റെ നിലപാട് വ്യക്തമാക്കി. ഒരറ്റത്ത് പഞ്ചാബിന് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും പ്രിയാൻഷ് തന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് മാറ്റം വരുത്തിയില്ല. 19 പന്തുകളിൽ താരം അർധ സെഞ്ച്വറി പൂർത്തിയാക്കി.
രവിചന്ദ്രൻ അശ്വിൻ എറിഞ്ഞ 12-ാം ഓവറിൽ തുടർച്ചയായി രണ്ട് സിക്സറുകളാണ് പ്രിയാൻഷ് അടിച്ചെടുത്തത്. പിന്നാലെ 13-ാം ഓവറിൽ മതീഷ പതിരാനയെ പ്രിയാൻഷ് തുടർച്ചയായി മൂന്ന് പന്തുകളിൽ നിലംതൊടാതെ ഗ്യാലറിയിലെത്തിച്ചു. പതിരാനയെ ബൗണ്ടറി കടത്തിയാണ് പ്രിയാൻഷ് സെഞ്ച്വറി നേട്ടം പൂർത്തിയാക്കിയത്. മത്സരം 16 ഓവർ പിന്നിടുമ്പോൾ പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തിട്ടുണ്ട്.
Content Highlights: Maiden IPL century for Priyansh Arya