പതിവുപോലെ ധോണിയുടെ ഫയർവർക്സ്, CSKയുടെ തോൽവി; പവർഫുൾ പഞ്ചാബ്

ചെന്നൈയ്ക്കായി രചിൻ രവീന്ദ്രയും ഡെവോൺ കോൺവേയും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്

dot image

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് മൂന്നാം ജയം. ചെന്നൈ സൂപ്പർ കിങ്സിനെ 18 റൺസിനാണ് പഞ്ചാബ് ഇത്തവണ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. മറുപടി പറഞ്ഞ ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസിലെത്താനെ സാധിച്ചുള്ളു.

നേരത്തെ ടോസ് നേടിയ പഞ്ചാബ് കിങ്സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഖലീൽ അഹമ്മദ് എറിഞ്ഞ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി പ്രിയാൻഷ് തന്റെ നിലപാട് വ്യക്തമാക്കി. ഒരറ്റത്ത് പഞ്ചാബിന് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും പ്രിയാൻഷ് തന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് മാറ്റം വരുത്തിയില്ല. 19 പന്തുകളിൽ താരം അർധ സെഞ്ച്വറി പൂർത്തിയാക്കി. പവർപ്ലേ അവസാനിച്ചപ്പോൾ പഞ്ചാബ് സ്കോർ 75 റൺസിലെത്തി. എന്നാൽ അപ്പോഴേക്കും പഞ്ചാബിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. പ്രഭ്സിമ്രാൻ സിങ് പൂജ്യം, നായകൻ ശ്രേയസ് അയ്യർ ഒമ്പത്, മാർകസ് സ്റ്റോയിനിസ് നാല് എന്നിവരെ പഞ്ചാബിന് പവർപ്ലേയിൽ നഷ്ടമായി.

രവിചന്ദ്രൻ അശ്വിൻ എറിഞ്ഞ 12-ാം ഓവറിൽ തുടർച്ചയായി രണ്ട് സിക്സറുകളാണ് പ്രിയാൻഷ് അടിച്ചെടുത്തത്. പിന്നാലെ 13-ാം ഓവറിൽ മതീഷ പതിരാനയെ പ്രിയാൻഷ് തുടർച്ചയായി മൂന്ന് പന്തുകളിൽ നിലംതൊടാതെ ​ഗ്യാലറിയിലെത്തിച്ചു. പതിരാനയെ ബൗണ്ടറി കടത്തിയാണ് പ്രിയാൻഷ് സെഞ്ച്വറി നേട്ടം പൂർത്തിയാക്കിയത്. പിന്നാലെ 42 പന്തിൽ ഏഴ് ഫോറും ഒമ്പത് സിക്സറും സഹിതം 103 റൺസെടുത്ത് പ്രിയാൻഷ് പുറത്തായി.

പ്രിയാൻഷ് പുറത്തായതിന് പിന്നാലെ ശശാങ്ക് സിങ്, മാർകോ യാൻസൻ എന്നിവർ നിർണായ സംഭാവന നൽകി. ശശാങ്ക് 36 പന്തിൽ 52 റൺസുമായും യാൻസൻ 19 പന്തിൽ 34 റൺസുമായും പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ 65 റൺസ് പിറന്നു. ചെന്നൈയ്ക്കായി ഖലീൽ അഹമ്മദ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ രണ്ട് വീതം വിക്കറ്റുകളെടുത്തു.

മറുപടി ബാറ്റിങ്ങിൽ ചെന്നൈയ്ക്കായി രചിൻ രവീന്ദ്രയും ഡെവോൺ കോൺവേയും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ 61 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. 36 റൺസുമായി രചിനെ ​ഗ്ലെൻ മാക്സ്‍വെൽ മടക്കി. തൊട്ടുപിന്നാലെ റുതുരാജ് ​ഗെയ്ക്ക്‌വാദ്‌ ഒരു റൺസുമായി മടങ്ങി. എങ്കിലും ശിവം ദുബെയുമായി ചേർന്ന് കോൺവേ റൺസ് ഉയർത്തി. മൂന്നാം വിക്കറ്റിൽ ഇരുവരും 89 റൺസാണ് കൂട്ടിച്ചേർത്തത്. 42 റൺസുമായി ദുബെ പുറത്തായതോടെ മത്സരം ചെന്നൈ ഏകദേശം കളി കൈവിട്ടു.

49 പന്തിൽ ആറ് ഫോറും രണ്ട് സിക്സറും സഹിതം 69 റൺസെടുത്ത ഡെവോൺ കോൺവേ റിട്ടയർഡ് ഔട്ടായി. അവസാന ഓവറുകളിൽ അടിച്ചുതകർത്ത മഹേന്ദ്ര സിങ് ധോണി 12 പന്തിൽ ഒരു ഫോറും മൂന്ന് സിക്സറും സഹിതം 27 റൺസെടുത്തു. എന്നാൽ 18 റൺസ് അകലെ ചെന്നൈയുടെ പോരാട്ടം അവസാനിച്ചു. പഞ്ചാബിനായി ലോക്കി ഫെർ​ഗൂസൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

Content Highlights: Priyansh Arya Ton Lights Up IPL 2025 As PBKS Register Big Win Against CSK

dot image
To advertise here,contact us
dot image